മന്ത്രി ശൈലജക്ക് രാജ്യാന്തര അംഗീകാരം; ലോകത്തെ ചിന്തകരുടെ പട്ടികയിൽ ഒന്നാമത്
text_fieldsആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ 2020ലെ ഏറ്റവും മികച്ച ചിന്തകരിൽ ഒന്നാമതായി തെരഞ്ഞെടുത്തു. യു.കെയിലെ പ്രോസ്പെക്ട് മാസിക നടത്തിയ വോട്ടെടുപ്പിലാണ് കെ.കെ. ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് മന്ത്രിക്ക് അംഗീകാരം. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ചിന്തകരുടെ പട്ടികയിൽ ശൈലജക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഇരുപതിനായിരത്തോളം പേർ വോട്ട് ചെയ്താണ് ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടിക ഒരുക്കിയത്. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് കുറക്കാനും കഴിഞ്ഞത് മന്ത്രിയുടെ ഇടപെടലിലൂടെയാണെന്ന് പ്രോസ്പെക്ട് മാസിക പറയുന്നു.
കോവിഡ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സമയം തന്നെ അതിന്‍റെ വ്യാപനം മുൻകൂട്ടി കാണാൻ കെ.കെ. ശൈലജക്ക് കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞെന്ന് മാസിക പറയുന്നു.
2018ൽ നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്ത് മന്ത്രിയുടെ നേതൃത്വത്തിൽ കൈക്കൊണ്ട പ്രതിരോധ പ്രവർത്തനത്തെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആർകിടെക്ട് മരിയാന തബസ്സം, ചിന്തകൻ കോണൽ വെസ്റ്റ്, രാഷ്ട്രീയ നിരീക്ഷക ഇലോണ സാബോ കാർവാല, ചരിത്രകാരി ഒലിവേറ്റ ഒറ്റലേ തുടങ്ങിയവരാണ് പട്ടികയിൽ പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.