മഴക്കെടുതിയിൽ ഇന്ന് ആറ് മരണം; അതീവ ജാഗ്രത
text_fieldsതിരുവനന്തപുരം: വിവിധ ജില്ലകളിൽ കനത്ത മഴ തുടരവേ സംസ്ഥാനത്ത് ഇന്ന് ആറുപേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ തസ്ലിനാണ് മരിച്ചത്. വീട്ടിൽ നിന്നും 200 മീറ്റർ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം കൂട്ടിക്കലിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ വനത്തിനുള്ളിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. ചേരാനല്ലൂരും വൈക്കത്തും ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു. ഇന്നലെ ഏഴ് പേർ സംസ്ഥാനത്ത് മരിച്ചിരുന്നു. ഇതോടെ, മഴക്കെടുതിയിൽ ആകെ മരണം 13 ആയി.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചതിനെതുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Live Updates
- 2 Aug 2022 9:50 AM GMT
ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് മൂന്നിന് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
- 2 Aug 2022 9:03 AM GMT
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് മൂന്നിന് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2, 3, 4 തിയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
- 2 Aug 2022 8:56 AM GMT
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു (02 ഓഗസ്റ്റ്) മുതൽ ഓഗസ്റ്റ് നാലു വരെയും കർണാടക തീരങ്ങളിൽ ഇന്നു (02 ഓഗസ്റ്റ്) മുതൽ ഓഗസ്റ്റ് ആറു വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 2 Aug 2022 7:53 AM GMT
പാല്‍ചുരം റോഡ് ഉപയോഗിക്കണം
കണ്ണൂർ: വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ നെടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം തടസമായതിനാൽ വയനാട്ടിലേക്കുള്ള യാത്രക്കാർ ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നെടുംപൊയില്‍-മാനന്തവാടി റോഡില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
- 2 Aug 2022 7:18 AM GMT
കണ്ണൂർ കണിച്ചാർ പഞ്ചായത്ത് തുടിയാട് കച്ചറമുക്ക് റോഡിൽ മൂന്ന് ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ ഫയർ & റെസ്ക്യു സേനാംഗങ്ങൾ സാഹസികമായി റോപ്പ് റെസ്ക്യു കിറ്റിൻ്റെയും സ്ട്രച്ചറിൻെറയും സഹായത്താൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.