ജല വിസ്ഫോടനം; സംസ്ഥാനത്ത് മഴക്കെടുതിയിൽ നാലു മരണം
text_fieldsകുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴ പെയ്തിറങ്ങുന്ന മേഘവിസ്ഫോടനത്തിന്റെ ദുരിതവും നാശവും അനുഭവിച്ച് കൊച്ചിയടക്കമുള്ള നഗരങ്ങൾ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയുടെ ഉഗ്രശേഷി വർധിച്ചതോടെ ചൊവ്വാഴ്ച ദുരന്ത ദിനമായി മാറി. മഴയെ തുടർന്നുള്ള ദുരന്തത്തിൽ പ്ലസ് ടു വിദ്യാർഥിയടക്കം നാലു പേർ മരിച്ചു.
ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാണ്മയിൽ തെങ്ങ് വീണ് യുവാവ് മരിച്ചു. ചിറയിൽകുളങ്ങര വീട്ടിൽ ധർമപാലൻ-ജയശ്രീ ദമ്പതികളുടെ മകൻ അരവിന്ദ് (30) ആണ് മരിച്ചത്. ബി.ടെക് ബിരുദധാരിയാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മൃതദേഹം തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ഐശ്വര്യ.
കാസർകോട് കാഞ്ഞങ്ങാട് 14കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകൻ ബി.കെ. മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ അരയി കാർത്തികപ്പുഴയിലാണ് അപകടം. മാതാവ്: കംസ്യ. സഹോദരിമാർ: അഫ്രിദ, അർഷ.
മഴക്കൊപ്പം കടലാക്രമണവും ശക്തമായതോടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻപറമ്പ് സ്വദേശി അബ്രഹാം റോബർട്ട് ആണ് (60) മരിച്ചത്. വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ വൈക്കം ചെമ്പ് പനങ്കാവ് കിഴക്കേ കാട്ടാമ്പള്ളിൽ സദാനന്ദൻ (60) മരിച്ചു.
മീൻപിടിക്കുന്നതിനിടെ സദാനന്ദന്റെ ചെറുവള്ളം കാറ്റിൽ മറിയുകയായിരുന്നു. മുറിഞ്ഞപുഴ കടവിൽ ചൊവ്വാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. മൃതദേഹം വൈക്കം സർക്കാർ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തങ്കച്ചി. മക്കൾ: സനന്തു, സംഗീത.
കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപകമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. കളമശ്ശേരി, പശ്ചിമ കൊച്ചി ഭാഗങ്ങളിൽ വൻവെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. രാവിലെ 9.10 മുതൽ 10.10 വരെയുള്ള ഒരു മണിക്കൂറിനുള്ളിൽ 103 മില്ലി മീറ്റർ മഴ പെയ്ത കളമശ്ശേരിയിലേത് മേഘവിസ്ഫോടനമാകാമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് അഭിപ്രായപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളിൽ കളമശ്ശേരി പ്രദേശത്ത് പെയ്തത് 150 മി.മീറ്റർ മഴയാണ്.
ചൊവ്വാഴ്ച രാവിലെ മുതലുള്ള റഡാർ ഇമേജുകളും ഉപഗ്രഹ വിവരങ്ങളും പരിശോധിച്ചപ്പോൾ കൊച്ചിയുടെ ഭാഗത്ത് വലിയ മേഘക്കൂട്ടത്തിന്റെ രൂപവത്കരണമാണ് കാണാനായതെന്ന് അദ്ദേഹം വ്യക്തമാക്കി. മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി-പാലാരിവട്ടം റോഡിൽ വൻ വെള്ളക്കെട്ടാണുണ്ടായത്. കൊച്ചി രാമേശ്വരം വില്ലേജിൽ സൗദി ഭാഗത്ത് ചെറിയ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപ്പെടുത്തി.
പതിവുപോലെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡും പരിസരവും വെള്ളത്തിലായി. എഴുത്തുകാരി പ്രഫ. എം. ലീലാവതിയുടെ തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിൽ വെള്ളം കയറി.
കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. പാലാ ഇടമറുക് ചൊക്കല്ല് മലയിൽ ഉരുൾപൊട്ടി വൻ തോതിൽ കൃഷി നശിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡ് തീക്കോയി കല്ലംഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്ര നിരോധിച്ചു.
മുൾമുനയിൽ നിർത്തി കുമുലോ നിംബസ്
തിരുവനന്തപുരം: കാലവർഷം പടിവാതിക്കൽ നിൽക്കെ സംസ്ഥാനത്തുണ്ടായ മേഘവിസ്ഫോടനം കാലാവസ്ഥ നിരീക്ഷകരെ അടക്കം ഞെട്ടിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മൂന്നു ജില്ലകളിലും യെല്ലോ അലർട്ടിലായിരുന്നു. എന്നാൽ, പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ചൊവ്വാഴ്ച രാവിലെ 8.30നു ശേഷം കൊച്ചിയിൽ കുമുലോ നിംബസ് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. രാവിലെ 9.10 മുതൽ 10.10 വരെ കുസാറ്റിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 103 മി.മീറ്ററിനടുത്ത് മഴ രേഖപ്പെടുത്തിയതോടെയാണ് യെല്ലോ അലർട്ടിലുണ്ടായിരുന്ന എറണാകുളവും യാതൊരു മുന്നറിയിപ്പും നൽകാതിരുന്ന കോട്ടയവും റെഡ് അലർട്ടിലേക്ക് മാറിയത്. തൊട്ടുപിന്നാലെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.