ചുമട്ട് തൊഴിലിന്റെ കാലം കഴിഞ്ഞെന്ന് ഹൈകോടതി; തൊഴിലാളികളെ പുനരധിവസിപ്പിക്കണം
text_fieldsകൊച്ചി: ചുമട്ട് തൊഴിലിെൻറ കാലം കഴിഞ്ഞെന്നും നിർത്തലാക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈകോടതി. ഭൂതകാലത്തിെൻറ ശേഷിപ്പ് മാത്രമാണിന്ന് ചുമട്ടു തൊഴിലും തൊഴിലാളികളുമെന്നും കോടതി.
കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികൾ ഇപ്പോൾ അടിമകളെ പോലെയാണ്. നേരത്തേ സെപ്ടിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകൾ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. അതുപോലെയാണ് ചുമടെടുക്കാൻ ഇപ്പോൾ മനുഷ്യനെ ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ചുമട്ടു തൊഴിൽ ചെയ്ത് ജീവിതം നശിച്ചു. 50 -60 വയസ്സ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്കെത്തുകയാണിവർ.
ലോകത്ത് ഇവിടെ മാത്രമേ ചുമട്ടു തൊഴിൽ ശേഷിക്കുന്നുണ്ടാകൂ. ചുമട്ടു തൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടു. ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ചുമട്ടു തൊഴിൽ നിർത്തലാക്കി തൊഴിലാളികളെ പുനരധിവസിപ്പിക്കണം. ചുമടെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കുകയും ഇവ കൈകാര്യം ചെയ്യാൻ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിരീക്ഷിച്ചു.
യൂനിയനുകൾ നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി അഞ്ചൽ സ്വദേശി സുന്ദരേശനടക്കം നൽകിയ ഹരജികളാണ് പരിഗണിച്ചത്. ബന്ധപ്പെട്ട കക്ഷികളുടെ വാദം പൂർത്തിയാക്കിയ കോടതി ഹരജികൾ വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.