ബോട്ട് ദുരന്തം: കണ്ണടച്ചിരിക്കാനാവില്ലെന്ന് ഹൈകോടതി, ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം
text_fieldsകൊച്ചി: തുടർച്ചയായി നിയമലംഘനങ്ങളുണ്ടായിട്ടും പൊലീസ്, പോർട്ട്, തദ്ദേശ ഭരണം, വില്ലേജ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും ജില്ല കലക്ടറും എന്തുകൊണ്ട് അറിയുന്നില്ലെന്ന് ഹൈകോടതി. താനൂർ ദുരന്തത്തിൽ ആശങ്കയും അമർഷവും പ്രകടിപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാര തുക ഈടാക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് നിർദേശിച്ചു.
സർക്കാർ നടപടിയെടുക്കുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നല്ലാതെ ഉത്തരവാദികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കിയ സംഭവങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു. പൊതു ഖജനാവിൽ നിന്നാണ് പണം നൽകുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഉത്തരവാദിത്തം ചുമത്തിയിരുന്നെങ്കിൽ ദുരന്തം ആവർത്തിക്കുമായിരുന്നില്ല. പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് നല്ലത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കുമേൽ ചുമത്തണം. ഇവർ ഒന്നും ചെയ്യുന്നില്ലെങ്കിൽ പിന്നെ ശമ്പളം നൽകുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.
കുട്ടികൾ ഉൾപ്പെടെ 22 പേരാണ് താനൂരിൽ മരിച്ചത്. ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്ന വേദനയോടെയാണ് സംഭവത്തെക്കുറിച്ച് പറയുന്നത്. ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരം ഉറക്കം കെടുത്തുന്നു. കുടുംബങ്ങളുടെ കരച്ചിൽ കേട്ട് എങ്ങനെയാണ് മുന്നോട്ടു പോകാനാവുക. ബോട്ട് ഓപറേറ്റർക്കെതിരെ മാത്രം കർശന നടപടിയെടുത്താൽ പോര. നിയമത്തെ ആർക്കും ഭയമില്ലാത്ത അവസ്ഥയാണ്. ആവർത്തിക്കാതിരിക്കാൻ നിയമത്തെ ഭയക്കണം.
താനൂർ നഗരസഭയുടെ കൺമുന്നിലാണ് ദുരന്തമുണ്ടായത്. ഉല്ലാസത്തിന് ബോട്ടിൽ കയറുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പാക്കണം. കുറച്ചു കഴിയുമ്പോൾ ദുരന്തങ്ങൾ മറന്നു പോകും. ഓരോ തവണ ദുരന്തമുണ്ടാവുമ്പോഴും അന്വേഷണവും നിർദേശങ്ങളും ഉണ്ടാകുമെങ്കിലും പിന്നെന്തുണ്ടായി എന്ന് ആർക്കുമറിയില്ല. സർക്കാറിനെ കുറ്റം പറയുന്നതല്ല. വിഷയം ഗൗരവമായി കാണുന്നെങ്കിൽ സർക്കാർ കോടതിക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടത്. ഇതെല്ലാം സംഭവിക്കുമ്പോൾ ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
സ്വമേധയ കേസെടുക്കും; മലപ്പുറം കലക്ടറിൽനിന്ന് പ്രാഥമിക റിപ്പോർട്ട് തേടി
കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഹൈകോടതി സ്വമേധയ കേസെടുക്കും. ഇതിന്റെ ഭാഗമായി സ്വമേധയ വിഷയം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. തുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനെന്ന നിലയിൽ മലപ്പുറം കലക്ടറിൽനിന്ന് പ്രാഥമിക റിപ്പോർട്ട് തേടി.
വീണ്ടും ഹരജി പരിഗണിക്കുന്ന മേയ് 12ന് റിപ്പോർട്ട് നൽകാനും സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി, ജില്ല പൊലീസ് മേധാവി, താനൂർ നഗരസഭ സെക്രട്ടറി, ആലപ്പുഴ പോർട്ട് ഓഫിസർ, ബേപ്പൂരിലെ സീനിയർ പോർട്ട് കൺസർവേറ്റർ, മലപ്പുറം കലക്ടർ എന്നിവരെ കക്ഷി ചേർക്കാനും ഉത്തരവിൽ പറയുന്നു.
1924 ൽ റെഡീമർ ബോട്ടുമറിഞ്ഞ് മഹാകവി കുമാരനാശാനടക്കമുള്ളവർ മരിച്ചത് മുതൽ 2009ന് ഇടുക്കിയിൽ ജലകന്യകയെന്ന ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചതടക്കമുള്ള ദുരന്തങ്ങൾ തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെയും അതോറിറ്റികളുടെയും മതിയായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടായിരുന്നെങ്കിൽ ദുരന്തമുണ്ടാവില്ലായിരുന്നു. ഔദ്യോഗിക നിസ്സംഗത, അത്യാഗ്രഹം തുടങ്ങിയവയാണ് ദുരന്ത കാരണം. ജുഡീഷ്യൽ ഇടപെടലുണ്ടായില്ലെങ്കിൽ ഈ സംഭവവും മറവിയിലാകും. ഇനിയും ഇതേ രീതി തുടർന്നാൽ നൂറുകണക്കിന് ടൂറിസ്റ്റ് ബോട്ടുകളുള്ള കേരളത്തിൽ എവിടെയെങ്കിലുമൊക്കെ ദുരന്തം ആവർത്തിക്കും. ഇതു തടയാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.