ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
text_fieldsകൊച്ചി: പ്രോസിക്യൂട്ടർമാരെ മറ്റ് ജോലികൾക്ക് നിയോഗിച്ചുള്ള ഉത്തരവിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈകോടതിയിൽ തിരിച്ചടി. ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ കോടതി ജോലികളിൽനിന്ന് ഒഴിവാക്കി മറ്റ് ജോലികൾക്ക് നിയോഗിച്ച ഉത്തരവ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അമിനി ദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറെ കവരത്തിയിലെ സെക്രേട്ടറിയറ്റിൽ ലീഗൽ സെല്ലിൽ നിയോഗിച്ചതിനെതിരെ ദ്വീപ് നിവാസിയായ കെ.പി. മുഹമ്മദ് സലീം നൽകിയ ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്. വിശദീകരണത്തിന് ലക്ഷദ്വീപ് ഭരണകൂടം സമയം തേടിയതിനെ തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
കുറ്റപത്രം തയാറാക്കാൻ പൊലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടർമാരെ നിയോഗിച്ച് മേയ് 21നാണ് ലക്ഷദ്വീപിലെ എ.ഡി.എം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികൾ നിർത്തിവെക്കേണ്ട സ്ഥിതിയാണെന്നും അഞ്ച് ക്രിമിനൽ കേസിെൻറ വിചാരണ തടസ്സപ്പെട്ടെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. ലക്ഷദ്വീപിൽ കോടതികൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് പ്രോസിക്യൂട്ടർമാരെ നിയോഗിക്കേണ്ടതെന്നും കുറ്റപത്രം തയാറാക്കാൻ ഇവരുടെ സേവനം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ അധികൃതർ എത്തിച്ചുകൊടുക്കണമെന്നും വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് തുടർന്ന് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളല്ല പരാമർശിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞു. ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്നത് കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചെന്നും പെരുന്നാൾ അവധിക്കുശേഷം കോടതി തുറന്നെങ്കിലും കേസുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി സബ് ജഡ്ജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.