ക്ഷേത്രഭൂമിയിൽ സി.പി.എം ഓഫിസ് ഉദ്ഘാടന ചടങ്ങ് ഹൈകോടതി വിലക്കി
text_fieldsകൊച്ചി: ക്ഷേത്രഭൂമിയിൽ സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടന ചടങ്ങ് ഹൈകോടതി തടഞ്ഞു. ശനിയാഴ്ച പാലക്കാട് തൂത ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തൂത ഭഗവതി ക്ഷേത്രം ദേവസ്വം ഭൂമിയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് വിലക്കിയത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭൂമിയിൽനിന്ന് മരം മുറിച്ചുനീക്കുകയും പാർട്ടി ഓഫിസിലേക്ക് ഇതിലൂടെ അനധികൃതമായി വഴി വെട്ടുകയും ചെയ്തുവെന്നാരോപിച്ച് ക്ഷേത്രഭക്തനായ പി. ബാലസുബ്രഹ്മണ്യൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഒരു തേക്ക് അനുമതിയില്ലാതെ മുറിച്ചതായും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർക്കും ബന്ധപ്പെട്ട ട്രസ്റ്റികൾക്കുമെതിരെ നടപടി ശിപാർശ ചെയ്തതായും മലബാർ ദേവസ്വം ബോർഡ് അറിയിച്ചു. ഇങ്ങനെ പരാതി കിട്ടിയിട്ടില്ലെന്ന് ചേർപ്പുളശ്ശേരി പൊലീസ് ആദ്യം അറിയിച്ചെങ്കിലും കോടതി ഇടപെടലിന് ശേഷം മരം വെട്ടിയതും പാത വെട്ടിയതും സംബന്ധിച്ച് ക്ഷേത്ര രക്ഷാസമിതിയുടെ രണ്ട് പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിനിടെയാണ് ശനിയാഴ്ച സി.പി.എം ഓഫിസ് ഉദ്ഘാടനം ദേവസ്വം ഭൂമിയിലെ ഓഡിറ്റോറിയത്തിൽ നടത്താനിരിക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇതിന് അനുമതി നൽകിയിട്ടില്ലെന്ന് ക്ഷേത്രം എക്സി. ഓഫിസറും അറിയിച്ചു.
ദേവന്‍റെ സ്വത്ത് എന്നാണ് ദേവസ്വം എന്നതിന്‍റെ അർഥം. അതിനാൽ ദേവസ്വം ഭൂമിയിൽ പാർട്ടി ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനവും നടക്കുന്നില്ലെന്ന് അസി. ദേവസ്വം കമീഷണറും ക്ഷേത്രം എക്സി. ഓഫിസറും ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറും ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു. പത്ത് ദിവസത്തിനകം അസി. ദേവസ്വം കമീഷണർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി, ഹരജി 31ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.