ചരിത്രം കുറിച്ച് ഹൈകോടതി; മേൽശാന്തി നിയമനക്കേസിൽ പ്രത്യേക സിറ്റിങ്, തൽസമയ സംപ്രേഷണം
text_fieldsകൊച്ചി: അവധി ദിവസം പ്രത്യേക സിറ്റിങ് നടത്തി യുട്യൂബ് വഴി തൽസമയ സംപ്രേഷണവും ഒരുക്കി ചരിത്രം സൃഷ്ടിച്ച് ഹൈകോടതി. ആദ്യമായാണ് കേരള ഹൈകോടതി പരിഗണിക്കുന്ന ഒരു കേസിൽ തൽസമയ സംപ്രേഷണം. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികളാണ് ശനിയാഴ്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ പരിഗണിച്ചത്. അന്തിമവാദത്തിനായി ഡിസംബർ 17ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷിച്ചിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി.എൽ. സിജിത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണു നാരായണൻ തുടങ്ങിയവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന് ഇവർ വാദിച്ചു. അതേസമയം, പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി. മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്ന് ഹരജിക്കാർ വാദിച്ചു.
മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണ്. മലയാള ബ്രാഹ്മണരെ ജാതി വിഭാഗമായാണ് മലബാർ മാന്വലിലും 1881ലെ സെൻസസ് രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാപനത്തിലെ വ്യവസ്ഥ ജാതി വിവേചനമാണെന്നും യോഗ്യരായവരാണ് ശബരിമല മേൽശാന്തിമാരാകേണ്ടതെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, ഒരു സമുദായത്തിൽനിന്നുള്ള പൂജാരിമാരെ ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്വഴക്കമാണെന്നും പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്നും ബോർഡ് അറിയിച്ചു. ശബരിമല മേൽശാന്തി എന്നത് പൊതുനിയമനമോ സ്ഥിരം നിയമനമോ അല്ല. 35നും 60നും ഇടയിൽ പ്രായമുള്ളവരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത്. പുരാതനകാലം മുതൽ മലയാള ബ്രാഹ്മണരെയാണ് നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തെറ്റാണെങ്കിൽ തെളിയിക്കാനുള്ള ബാധ്യത ഹരജിക്കാരനാണെന്നതായിരുന്നു ദേവസ്വം ബോർഡിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.