ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരസഭ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ഹാജരായി
text_fieldsകൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി നിവാസികളെ ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥയിലാക്കിയെന്ന് ഹൈകോടതി. ഓരോ ദിവസവും നിർണായകമാണ്. അടിയന്തര പ്രശ്ന പരിഹാരമുണ്ടാകണമെന്നും ഹൈകോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെയും കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും വിളിച്ചുവരുത്തി അടിയന്തര നടപടികൾക്ക് നിർദേശിച്ച ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ബുധനാഴ്ച ജില്ല കലക്ടറോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
കൊച്ചിയിൽ വിഷപ്പുക നിറയുന്നതിനെത്തുടർന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഇത് സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തും നൽകിയിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് വിഷയം പരിഗണിച്ചത്. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാറും കൊച്ചി കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദറും നേരിട്ട് ഹാജരാകാൻ നിർദേശിച്ച കോടതി ഹരജി ഉച്ചക്ക് പരിഗണിക്കാൻ മാറ്റി. ഉച്ചക്കുശേഷം ഹാജരായ ഉദ്യോഗസ്ഥരോട് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു.
ബ്രഹ്മപുരത്തെ തീ ദൈവപ്രവൃത്തിയാണോ മനുഷ്യനിർമിതിയാണോ എന്ന് സെക്രട്ടറിയോട് കോടതി ആരാഞ്ഞു. ലോകമാകെ ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നൽകി. ഇത് കോടതി തള്ളി. തുടർന്ന് നടപടികളിലുണ്ടായ വീഴ്ച സംബന്ധിച്ച് സെക്രട്ടറി ക്ഷമ ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച കോടതി പരസ്പരം കുറ്റപ്പെടുത്തുന്നതിനുപകരം പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. പന്ത് ഉദ്യോഗസ്ഥരുടെ കോർട്ടിലാണ്. പ്രശ്നം പരിഹരിക്കാൻ പെട്ടെന്ന് നടപടി സ്വീകരിക്കണം. വീഴ്ചയുണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും കോടതി നൽകി.
ബ്രഹ്മപുരം കേസിൽ കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ് ക്യൂറികളെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് നടപടി നിർദേശിക്കാനാണ് എറണാകുളം ജില്ല കലക്ടർ രേണുരാജിനോട് ബുധനാഴ്ച ഉച്ചക്ക് 1.45ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. കോർപറേഷൻ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.