മൃതദേഹവുമായി പ്രതിഷേധം: മുഹമ്മദ് ഷിയാസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധ സമരം നടത്തിയ സംഭവത്തിൽ കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. സമ്മതമില്ലാതെ മോർച്ചറിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയല്ലേ സമരം നടത്തിയതെന്നതടക്കം ചോദ്യങ്ങൾ ഉന്നയിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വാക്കാൽ വിമർശനം നടത്തിയത്. സമരം നടത്തിയതിന്‍റെ പേരില്‍ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മോർച്ചറിയിൽനിന്ന് മൃതദേഹമെടുത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് എടുക്കരുതെന്നാണോ ഹരജിക്കാരൻ ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ഹരജിക്കാരൻ മർദിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ, ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ല അധ്യക്ഷന്‍ എന്ന നിലയിൽ ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയാണ് ചെയ്തതെന്ന് ഷിയാസ് ചൂണ്ടിക്കാട്ടി.
പ്രശ്നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു. പൊലീസ് തന്നോട് വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും നാല് കേസ് എടുത്തിട്ടുണ്ടെന്നും ഷിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ ഹരജിയിൽ സർക്കാറിനോട് നിലപാട് തേടി. ഒരു സംഭവത്തിൽതന്നെ ഒരാൾക്കെതിരെ എത്ര കേസാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസിനോടും ആരാഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷിയാസിനെതിരെ നിലവിലുള്ള കേസുകളുടെ വിവരം അറിയിക്കാനും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.