സിവിക് ചന്ദ്രൻ കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തത് ഒരാഴ്ചത്തേക്ക് നീട്ടി
text_fieldsകൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത നടപടി ഹൈകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നേരത്തേ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം നിലനിൽക്കില്ലെന്ന് സിവിക്കിന്‍റെ ജാമ്യ ഉത്തരവിൽ ജഡ്ജി നടത്തിയ പരാമർശം വിവാദമായിരുന്നു.
മൂന്ന് വർഷത്തിൽ കുറയാതെ സർവിസുള്ള ജില്ല ജഡ്‌ജിയെയോ അഡീ. ജില്ല ജഡ്‌ജിയെയോ ആണ് ലേബർ കോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായ തന്നെ ഈ പദവിയിൽ നിയമിച്ചത് നിയമപരമല്ലെന്നുമാണ് അപ്പീലിൽ കൃഷ്‌ണകുമാർ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.