രണ്ട് ദിവസം അധികാരം തന്നാൽ നടപ്പാതകളടക്കം ശരിയാക്കിക്കാണിക്കാമെന്ന് കോടതി
text_fieldsകൊച്ചി: റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഫലപ്രദമായ നടപടികളില്ലാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. ഉത്തരവുകൾ പാലിച്ച് കൊച്ചി നഗരത്തിലെ റോഡുകളും നടപ്പാതകളും സഞ്ചാരയോഗ്യമാക്കാത്തത് എന്തെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരിക്കാൻ നിർദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇനി പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
അതേസമയം, നിലവിലെ ഉത്തരവുകൾ നടപ്പാക്കിയെന്ന് ഉറപ്പുവരുത്തും. രണ്ട് ദിവസം അധികാരം തന്നാൽ നടപ്പാതകളടക്കം ശരിയാക്കിക്കാണിക്കാം. കൊച്ചി നഗരത്തിലേതടക്കം റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ വാക്കാൽ പരാമർശം.
തൃപ്പൂണിത്തുറയിൽ അടുത്തിടെ സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ മരിച്ച സംഭവം പരാമർശിച്ച കോടതി, അപകടങ്ങൾ പതിവായിട്ടും ഉത്തരവുകൾ അവഗണിക്കുന്നത് എന്താണെന്ന് അധികൃതരോട് ആരാഞ്ഞു. കോടതി നിർദേശിച്ചിട്ടും ജില്ല പൊലീസ് മേധാവി മാത്രമാണ് റിപ്പോർട്ട് നൽകിയത്. സ്വയം ചെയ്യുകയുമില്ല, മറ്റാരേക്കൊണ്ടും ചെയ്യിക്കുകയുമില്ല എന്ന നില മാറണം. ഇത്തരം നിലപാടുമൂലം കാൽനടക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അവർക്കാണ് റോഡിൽ പ്രാഥമിക പരിഗണന നൽകേണ്ടതെന്നും കോടതി പറഞ്ഞു.
ഫണ്ട് ഇല്ലാത്തതാണ് റോഡ് നിർമാണം തടസ്സപ്പെടാൻ കാരണമെന്നായിരുന്നു കൊച്ചി കോർപറേഷന്റെ മറുപടി. ഫണ്ടില്ലെങ്കിൽ കോർപറേഷൻ അടച്ചുപൂട്ടണമെന്ന് കോടതിയും പ്രതികരിച്ചു. ഹരജി വീണ്ടും ഫെബ്രുവരി ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.