ഒളിച്ചോടി വിവാഹം ചെയ്തത് ക്രിമിനലിനെ; പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈകോടതി
text_fieldsകൊച്ചി: ജ്വല്ലറി കൊള്ളയടക്കം നാല് കേസിൽ പ്രതിയായ യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച പെൺകുട്ടി കോടതിയിൽ വെച്ച് വരന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതോടെ മാതാപിതാക്കൾക്കൊപ്പം പോയി. പ്രായപൂർത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനൊപ്പമാണ് 19കാരി ഒളിച്ചോടിയത്.
കുട്ടി അന്യായ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് വെളിപ്പറമ്പ സ്വദേശി നിസാർ എന്നയാൾക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. ആദ്യദിവസം കേസ് പരിഗണിക്കവേ കോടതിയിൽ ഹാജരായ പെൺകുട്ടി ഭർത്താവിനൊപ്പം പോകണമെന്ന ആഗ്രഹം അറിയിച്ചെങ്കിലും പോക്സോ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ താൽക്കാലികമായി വിട്ടയച്ചു.
യുവാവിന്റെ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാൻ കോടതി നിർദേശിച്ചു. കവർച്ച, മോഷണം, പോക്സോ അടക്കം നാല് ക്രിമിനൽ കേസിൽ പ്രതിയാണെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകി. മാത്രമല്ല, ഇയാൾക്കെതിരായ കാപ്പ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ കോഴിക്കോട്ട് പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചതായും ചൂണ്ടിക്കാട്ടി.
ഈ വ്യവസ്ഥ ലംഘിച്ചാണ് കോഴിക്കോട് വെച്ച് പെൺകുട്ടിയെ വിവാഹം ചെയ്തതെന്ന് യുവാവും സമ്മതിച്ചു.
ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നതിനെ കോടതി വിമർശിച്ചു. യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം ബോധ്യമായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകാനുള്ള താൽപര്യവും അറിയിച്ചു. ഇത് അനുവദിച്ച കോടതി പെൺകുട്ടിയെ കഴിഞ്ഞ കാര്യം ഓർമിപ്പിച്ച് വിഷമിപ്പിക്കരുതെന്നതടക്കം നിബന്ധനകളോടെയാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.