സഹകരണ സംഘം തെരഞ്ഞെടുപ്പുപോലും നടത്താതെ എങ്ങനെ ക്രമസമാധാനം നിലനിർത്തും?;പൊലീസിനോട് ഹൈകോടതി
text_fieldsകൊച്ചി: ഒരു സഹകരണ സംഘത്തിന്‍റെ തെരഞ്ഞെടുപ്പ് നടത്താൻ കഴിവില്ലാത്തവരാണ് പൊലീസെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ ഇവർക്ക് സാധിക്കില്ലെന്ന് വിശ്വസിക്കേണ്ടിവരുമെന്ന് ഹൈകോടതി. പൊലീസിന്‍റെ പ്രധാന കടമ ക്രമസമാധാന പാലനവും അക്രമങ്ങൾ തടയലുമാണ്. നിയമവാഴ്ചയുടെ അടിത്തറയായ പൊലീസ് സംവിധാനം തകർന്നാൽ മറ്റെല്ലാം തകരും. ഏത് സമയവും ജനത്തിന്‍റെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൊടുപുഴ പ്രൈമറി കോഓപറേറ്റിവ് അഗ്രികൾചറൽ റൂറൽ ഡെവലപ്മെന്റ് ബാങ്കിന്റെ തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതിയുടെ ഉത്തരവുണ്ടായിട്ടും തെരഞ്ഞെടുപ്പു നടപടികൾ അലങ്കോലപ്പെട്ടെന്നും അക്രമങ്ങൾ അരങ്ങേറിയെന്നും കാട്ടി ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
പൊലീസ് സംരക്ഷണത്തിൽ മേയ് 14ന് തെരഞ്ഞെടുപ്പു നടത്താനായിരുന്നു കോടതി ഉത്തരവ്. എന്നാൽ, കലാപമുണ്ടാക്കി അത് തടസ്സപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ സത്യവാങ്മൂലവും വിഡിയോയും അഭിഭാഷക കമീഷന്റെ റിപ്പോർട്ടും പരിശോധിച്ചാൽ മനസ്സിലാകുമെന്ന് കോടതി പറഞ്ഞു. കോടതിയുത്തരവുകളെ അക്രമത്തിലൂടെ മറികടക്കാമെന്ന സന്ദേശം ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. വോട്ടെടുപ്പ് തടയാൻ ആൾക്കൂട്ടം വന്നപ്പോൾ പോളിങ് സ്റ്റേഷന്റെ കവാടത്തിലുണ്ടായിരുന്ന കുറച്ചു പൊലീസുകാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് വരണാധികാരി അറിയിച്ച സാഹചര്യത്തിൽ പൊലീസ് മുൻകരുതൽ എടുക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും രാഷ്ട്രീയവത്കരണത്തിന്റെ ഇരകളാണെന്നാണ് വിവിധ കേസുകളിൽനിന്ന് വ്യക്തമാകുന്നതെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
ഡി.ജി.പിയെയും ഇടുക്കി എസ്.പിയെയും കേസിൽ സ്വമേധയ കക്ഷിചേർത്തു. ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ ഡി.ജി.പി അന്വേഷണം നടത്തി റിപ്പോർട്ടും നടപടി റിപ്പോർട്ടും കോടതിയിൽ നൽകണം. ഡി.ജി.പിയുമായി കൂടിയാലോചിച്ച് തെരഞ്ഞെടുപ്പിന് പുതിയ തീയതി പ്രഖ്യാപിച്ച് വിജ്ഞാപനം നടത്തണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.