ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റിറക്കിന് ഉടമക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാധനങ്ങളടക്കമുള്ളവയുടെ കയറ്റിറക്ക് ജോലിക്ക് പ്രത്യേക പരിശീലനം ലഭിച്ച സ്വന്തം തൊഴിലാളികളെ തൊഴിലുടമക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. മൊബൈൽ, ടെലിവിഷൻ, റെഫ്രിജറേറ്റർ തുടങ്ങിയ പെട്ടെന്ന് തകരാറിലാവുന്ന സാധനങ്ങളുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഈ വിധി.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ആലപ്പുഴയിലെ ചുമട്ടുതൊഴിലാളികൾ നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ആലപ്പുഴയിലെ ശ്രീലക്ഷ്മി ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹരജിയിലാണ് ഇത്തരം സാധനങ്ങളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്ന് 2021ൽ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. മൊബൈലും ടെലിവിഷനുമൊന്നും പെട്ടെന്ന് തകരുന്നവയല്ലെന്നും ഇവ കൈകാര്യം ചെയ്യാൻ പ്രത്യേകം പരിശീലനം ലഭിച്ച തൊഴിലാളികളുടെ ആവശ്യമില്ലെന്നുമായിരുന്നു അപ്പീൽ ഹരജിക്കാരുടെ വാദം.
എന്നാൽ, ചെറിയ ശ്രദ്ധക്കുറവോ കൈകാര്യം ചെയ്യുന്നതിലെ പിഴവോ മൂലം വേഗം കേടുവരാവുന്ന സാധനങ്ങളാണ് ഇവയെന്ന് കോടതി പറഞ്ഞു. ഇവ ഇറക്കാനും കയറ്റാനും പരിശീലനം ലഭിച്ച തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് വിലയിരുത്തിയ കോടതി, അപ്പീൽ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.