സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.
200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ആലുവ മുൻസിഫ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത നോർത്ത് പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. മുൻസിഫ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത് ചോദ്യം ചെയ്ത് ഫെഡറൽ ബാങ്ക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജോലിസ്ഥലത്ത് പ്രതിഷേധിക്കാനും സമാധാനപരമായി സംഘടിക്കാനും പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികൾക്ക് അവകാശം നൽകുന്നുണ്ടെങ്കിലും നിയമപരമായി ഇടപാടുകൾ നടത്താനുള്ള ബാങ്ക് ഉടമകളുടെ അവകാശത്തിലേക്ക് കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. ഇടപാടുകാരുടെ വിശ്വാസത്തിലും ആത്മവിശ്വാസത്തിലും അധിഷ്ഠിതമാണ് ബാങ്കിങ് ബിസിനസ്. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ് സമരങ്ങൾ 50 മീറ്റർ ചുറ്റളവിനകത്ത് പാടില്ലെന്ന തരത്തിൽ ഉത്തരവിൽ കോടതി ഭേദഗതി വരുത്തിയത്. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.