ഹൈകോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ തീരുമാനം
text_fieldsകൊച്ചി: ഹൈകോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്ക് കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ ഹൈകോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന 17 ന് നടക്കും. നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ, ഹൈകോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കളമശ്ശേരിയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതുകൂടി കണ്ടെത്താനാണ് തീരുമാനം. ഹൈകോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിൽ നിർമിക്കാൻ ആണ് ലക്ഷ്യമിടുന്നത്. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈകോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.