ലക്ഷദ്വീപിൽ വീടുകൾ പൊളിക്കുന്നതിന് സ്റ്റേ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. കെട്ടിട ഉടമകളുടെ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.
വീടുകളും നിർമാണങ്ങളും പൊളിച്ചുനീക്കുന്നതിന് കവരത്തിയിൽ 107, സുഹേലി 22, ചെറിയം 18, കൽപേനി 19 എന്നിങ്ങനെ ഉടമകൾക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. നാളെക്കകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നേരിട്ടെത്തി പൊളിച്ചുനീക്കുമെന്നും അതിനുള്ള തുക കെട്ടിട ഉടമയിൽനിന്ന് ഈടാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ (ഐ.ഐ.എം.പി) ചൂണ്ടിക്കാട്ടിയാണ് കവരത്തിയിൽ വീടുകളും ശുചിമുറികളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഐ.ഐ.എം.പി പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികൾക്കും താൽക്കാലിക ഷെഡുകൾക്കും ഇളവുണ്ടെന്ന് ജനങ്ങൾ മറുപടി നൽകുന്നു. മാത്രമല്ല, 2012ൽ ഐ.ഐ.എം.പി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള വീടുകളാണ് തീരത്തുള്ളതിൽ ഭൂരിഭാഗമെന്നും അതിനാൽ മാനദണ്ഡം ബാധകമാകില്ലെന്നും അവർ വ്യക്തമാക്കുന്നു.
മുമ്പ് തീരത്തുനിന്ന് 50 മുതൽ 100 മീറ്റർ പരിധിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് പലതും. എന്നാൽ, കടലേറ്റത്തെ തുടർന്ന് കടലും കരയും തമ്മിലുള്ള അകലം കുറയുകയായിരുന്നു. കവരത്തിയൊഴികെയുള്ള ദ്വീപുകളിൽ തീരത്തെ നിർമാണങ്ങൾക്ക് മാത്രമല്ല, അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നിരവധി മറ്റ് ഷെഡുകളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കർഷകർ നാളികേരം സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികൾ സാമഗ്രികൾ സംരക്ഷിക്കാനും തയാറാക്കിയിട്ടുള്ള താൽക്കാലിക ഷെഡുകളാണെന്നും ദ്വീപുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.