കെ.എസ്.ആർ.ടി.സിയിൽ ഓണത്തിനുമുമ്പ് ശമ്പളം നൽകണമെന്ന് ഹൈകോടതിയുടെ അന്ത്യശാസനം
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഓണത്തിനുമുമ്പ് ശമ്പളം നൽകണമെന്ന് സർക്കാറിന് ഹൈകോടതിയുടെ അന്ത്യശാസനം. പണമായിതന്നെ വേണം ശമ്പളമെന്നും കൂപ്പണുകളായി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം നൽകാൻ എല്ലാ മാസവും കെ.എസ്.ആർ.ടി.സിക്ക് തുക അനുവദിക്കാൻ സർക്കാറിന് കാലതാമസമെന്തെന്ന് ഹൈകോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് സർക്കാറിന്‍റെ സഹായം കൂടിയേ തീരൂ എന്നിരിക്കെ പണം നൽകാൻ വൈകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇക്കാര്യത്തിൽ സർക്കാറിനെ വാക്കാൽ വിമർശിച്ചു. ജീവനക്കാരെ തീയിൽ നിർത്തുന്നത് എന്തിനാണ്. ശമ്പളം നൽകാൻ 30 കോടി രൂപ നൽകുന്നത് സംബന്ധിച്ച് വിശദാംശങ്ങൾ തേടിയ കോടതി, ഹരജി വീണ്ടും പരിഗണിക്കുന്ന 24ന് മറുപടി നൽകണമെന്നും നിർദേശിച്ചു.
ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി ജീവനക്കാർ നൽകിയതടക്കം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൃത്യമായ ഓഡിറ്റിങ് നടത്തി പ്രശ്നപരിഹാരമുണ്ടാക്കണം. അതുവരെ സർക്കാർ സഹായം നൽകേണ്ടിവരും. ജൂലൈയിലെ ശമ്പളം നൽകാൻ 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ബാക്കി തുക നൽകാൻ ധന വകുപ്പിന്‍റെ അനുമതി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.