കേരള ഹൈകോടതി വിധി: മാഹിക്കാരുടെ സ്വസ്ഥത കെടുത്തും
text_fieldsമാഹി: ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ പൂട്ടിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയ കേരള ഹൈകോടതിയുടെ പുതിയ വിധിയിൽ മാഹിയിൽ ആശങ്കവളർന്നു. ദേശീയപാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയോടെ ആശ്വസിച്ചിരിക്കുകയായിരുന്ന ജനങ്ങൾക്ക് തിരിച്ചടിയാണീ വിധി.
ഒാർമവെക്കുന്ന നാൾ മുതൽതന്നെ മദ്യവും മദ്യപരെയും കണ്ട് വളർന്ന മാഹിക്ക് സുപ്രീംേകാടതി പുനർജന്മം നൽകിയെന്ന് കരുതിയിരിക്കവെ പുറത്ത് വന്ന പുതിയ വിധിയിൽ ജനങ്ങളാകെ ആശങ്കാകുലരാണ്. കണ്ണൂർ-കുറ്റിപ്പുറം പാതയോരത്തിെൻറ ദേശീയപാതാപദവി എടുത്തുകളഞ്ഞ് ദേശീയപാത അതോറിറ്റി 2014ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിെൻറ ബലത്തിലാണ് മദ്യമുതലാളിമാർ കേരള ഹൈകോടതിയിൽ നിന്ന് അനുകൂലവിധി നേടിയിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയും മയ്യഴി ഗാന്ധിയുമായ ഐ.കെ. കുമാരൻ മാസ്റ്റർ മുതൽ പുതിയ തലമുറയിൽപെട്ട യുവാക്കൾവരെ അണിനിരന്ന് നേടിയതായിരുന്നു ദേശീയപാതയിലെ മദ്യഷാപ്പുകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്ന സുപ്രീംകോടതി വിധി രാജ്യത്താകമാനം ബാധകമാണെങ്കിലും ഏറ്റവും കൂടുതൽ ആശ്വാസം പകർന്നത് മാഹി ജനതക്കായിരുന്നു. 2001ൽ മാഹി െപ്രാഹിബിഷൻ കൗൺസിൽ പ്രസിഡൻറ് ടി.വി. ഗംഗാധരനും ജനറൽ സെക്രട്ടറിയായിരുന്ന മാധവക്കുറുപ്പുമാണ് ഈ വിഷയം ആദ്യമായി കോടതിയുടെ മുന്നിലെത്തിച്ചത്. മാഹിയിൽ മദ്യത്തിെൻറ ഇറക്കുമതി കുറക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ദേശീയപാതയിൽനിന്ന് നീക്കം ചെയ്യേണ്ടിവരുന്ന മദ്യഷാപ്പുകളുടെ ലിസ്റ്റ് തയാറാക്കിക്കൊടുക്കാൻ 2014 ഡിസംബർ 15ന് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചതിനെതിരെയാണ് പുതുച്ചേരി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നത്. ഇൗ അപ്പീൽ തള്ളിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് മാഹിക്കും രാജ്യത്താകമാനവും ബാധകമായത്. ഇൗ സാഹചര്യം തകിടം മറിക്കുന്നതാണ് പുതിയ വിധി.
ചെന്നൈ ഹൈകോടതിയിൽനിന്ന് അനുകൂലവിധി കിട്ടിയാൽ മാത്രമേ മാഹിയിൽ അടച്ച മദ്യഷാപ്പുകൾ തുറക്കാൻ കഴിയുകയുള്ളൂ. കേരള ഹൈകോടതി വിധിയുടെ പകർപ്പുമായി സമീപിച്ചാൽ ചെന്നൈ െഹെകോടതിയിൽനിന്ന് അനുകൂലവിധി കിട്ടാനാണ് സാധ്യതയെന്ന് മാഹി മുനിസിപ്പാലിറ്റി മുൻ കൗൺസിലറും പരിസ്ഥിതിപ്രവർത്തകനുമായ പള്ള്യൻ പ്രമോദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.