മുഖ്യമന്ത്രിയെ ട്രോളിയാൽ കേസെടുക്കുമെന്ന് ഹൈടെക് സെൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് പോലീസിന്റെ നിര്‍ദ്ദേശം. ഹൈടെക് സെല്ലാണ് ട്രോള്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആവര്‍ത്തിച്ചാല്‍ ഐ.ടി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് സന്ദേശം.
സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിയന്ത്രിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ക്കെതിരായ നീക്കം. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നുവെന്നാണ് ഹൈടെക്ക് സെൽ വ്യക്തമാക്കുന്നത്. പക്ഷെ ആരുടെ പരാതിയെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയെ കളിയാക്കിയുള്ള പോസ്റ്റ് റിമൂവ് ചെയ്യണമെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഹൈടെക്ക് സെല്‍ നല്‍കിയ സന്ദേശത്തിൽ പറയുന്നു.
അതേസമയം ട്രോളുകൾക്കെതിരായ പൊലീസ് നീക്കത്തിനെതിരെ സോഷ്യൽമീഡിയ രംഗത്തെത്തി. തങ്ങൾക്കെതിരായി നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും വെല്ലുവിളിച്ചാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തിലെ പരാമർശവും സമീപകാലത്ത് പൊലീസ് വകുപ്പിന് പറ്റിയ വീഴ്ചകളെയും കളിയാക്കി നിരവധി ട്രോളുകളാണ് ഫേസ്ബുക്കടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന് എൻ.ജി.ഒ അസോസിയേഷന്‍ ആരോപിച്ചു. തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.