മിന്നൽ ഹർത്താൽ: അക്രമം തടയാൻ സർക്കാർ ഒന്നും ചെയ്തില്ല -ഡിവിഷൻ ബെഞ്ച്
text_fieldsകൊച്ചി: നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ഉത്തരവുകളുണ്ടായിട്ടും മിന്നൽ ഹർത്താൽ ദിനത്തിലെ പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഹൈകോടതി. സംഘടന മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന 2019ലെ ഹൈകോടതി ഉത്തരവ് കണക്കിലെടുത്ത് ഹർത്താൽ അനുകൂലികളുടെ പ്രകടനവും ഗതാഗതതടസ്സമുണ്ടാക്കലും കൂട്ടം ചേരലും മറ്റും നടക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമായിരുന്നു. എന്നാൽ, ഹർത്താൽ ദിവസംപോലും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടായത് കോടതി ഇടപെടലുണ്ടായ ശേഷമാണെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ ഈ ഉത്തരവ് ലംഘിച്ച് ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അതുമൂലമുണ്ടായ ദോഷഫലങ്ങൾക്ക് ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥരാണ്. മുൻകൂർ നോട്ടീസ് നൽകി സമാധാനപരമായി നടത്തുന്ന പണിമുടക്കുകൾക്ക് ഇത് ബാധകമല്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യം പോലും സമ്പൂർണമല്ല. പണിമുടക്കുന്നവരുടെ അവകാശത്തിനൊപ്പം പൊതുജനത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംഘടിതരല്ലാത്ത ജനത്തിന് എപ്പോഴും ഭയപ്പാടോടെ ജീവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഹർത്താൽ ദിവസം കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പേരിൽ 63 കേസെടുത്തതായി സർക്കാർ അറിയിച്ചു. 48 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 12.32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 50 കേസുകൾ രജിസ്റ്റർ ചെയ്തു. ഹർത്താൽ ദിനം തന്നെ 60 പ്രതികളെ അറസ്റ്റ് ചെയ്തു.
പൊതുവഴികളിൽ തടസ്സമുണ്ടാക്കിയതിന് 118 കേസുകൾ രജിസ്റ്റർ ചെയ്തു. 1054 പേരെ അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരത്ത് പൊലീസിനുനേരെ വധശ്രമമുണ്ടായി. ഇതിലും കേസെടുത്ത് അന്വേഷിച്ചു വരുന്നു. സെപ്റ്റംബർ 26വരെ 417 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെന്നും 1992 പേരെ അറസ്റ്റ് ചെയ്തെന്നും സർക്കാർ അറിയിച്ചു. 687 പേരെ കരുതൽ തടങ്കലിലാക്കി. 5.06 കോടിയുടെ നഷ്ടമുണ്ടായതായാണ് കെ.എസ്.ആർ.ടി.സി റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.