മുസ്ലിംകളടക്കമുള്ളവരെ ന്യൂനപക്ഷ പട്ടികയിൽനിന്ന് പുറത്താക്കണമെന്ന ഹിന്ദു സേവാ കേന്ദ്രത്തിന്‍റെ ഹരജി ഹൈകോടതി തള്ളി; 25,000 രൂപ പിഴയും
text_fieldsകൊച്ചി: മുസ്ലിംകളടക്കം സമുദായങ്ങളെ കേരളത്തിലെ ന്യൂനപക്ഷ പട്ടികയിൽനിന്ന് ഒഴിവാക്കി അവർക്ക് നൽകുന്ന സംവരണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി 25,000 രൂപ പിഴയോടെ ഹൈകോടതി തള്ളി. മുസ്ലിംകൾ, ലത്തീൻ കത്തോലിക്കർ, ക്രിസ്ത്യൻ നാടാർ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗക്കാർ എന്നിവരുടെ ന്യൂനപക്ഷ പദവി ഒഴിവാക്കാൻ ന്യൂനപക്ഷ കമീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പിഴയോടെ തള്ളിയത്.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നൃത്തം ചെയ്ത സംഭവം ലവ് ജിഹാദായി ചിത്രീകരിച്ച് വിവാദത്തിലായ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുഖേനയാണ് ഹരജി നൽകിയിരുന്നത്. പിഴത്തുക അപൂർവരോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിന് രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകാനാണ് നിർദേശം. പിഴയൊടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ മുസ്ലിം, ലത്തീൻ കത്തോലിക്ക, ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ സ്ഥിതി കണക്കിലെടുത്താൽ പിന്നാക്കവിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവർക്ക് സംവരണാനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, ന്യൂനപക്ഷങ്ങെളയും പട്ടികവിഭാഗക്കാെരയും സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയും സംബന്ധിച്ചും ഇവരുടെ അവസ്ഥയെക്കുറിച്ച് പഠിക്കാൻ കമീഷനുകളെ നിയോഗിക്കുന്നതിനെപ്പറ്റിയും ഭരണഘടനയിൽ പ്രതിപാദിക്കുന്നുണ്ടെന്ന സർക്കാർ വാദം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളിൽ സുപ്രീംകോടതി ഉത്തരവുകളും നിയമങ്ങളും നിലവിലുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് സംവരണം ഉൾപ്പെടെ ആനുകൂല്യങ്ങൾ നടപ്പാക്കിയിട്ടുള്ളത്. സച്ചാർ, പാലൊളി കമീഷനുകൾ, ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകൾ എന്നിവയും ഇതിെൻറ അടിസ്ഥാനത്തിലാണ് നടപ്പാക്കിയതെന്ന സർക്കാർ വാദവും കോടതി ശരിവെച്ചു. എങ്ങനെയാണ് ഇത്തരത്തിലൊരു ആവശ്യവുമായി കോടതിയെ സമീപിക്കാനാകുകയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
തെറ്റിദ്ധാരണയുെടയും ന്യായമല്ലാത്ത വാദമുഖങ്ങളുെടയും അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ അനുവദിക്കാനാവില്ല. ഒരു പഠനവും നടത്താതെയാണ് ഹരജി നൽകിയിട്ടുള്ളത്. ന്യൂനപക്ഷ സമുദായങ്ങളുടെ പട്ടിക പ്രഖ്യാപിക്കാൻ ഇന്ത്യൻ പ്രസിഡൻറിനാണ് അധികാരമെന്നിരിക്കെ, ഹരജിയിലെ ഒരു ആവശ്യവും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി പിഴയോടെ തള്ളി ഉത്തരവിടുകയായിരുന്നു. കോടതികളെ ഹരജിക്കാർ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ജഡ്ജിമാർ ഉറപ്പുവരുത്തണമെന്ന സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് പിഴ ചുമത്തിയതെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.