യൂനിഫോമല്ലാത്ത വേഷത്തിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റാൻ നിർദേശിക്കാനാവില്ല –ഹൈകോടതി
text_fieldsകൊച്ചി: യൂനിഫോമിനൊപ്പം തലയിൽ തട്ടവും മുഴുക്കൈയൻ ഷർട്ടും ധരിച്ച് എത്തുന്ന വിദ് യാർഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സ്കൂൾ അധികൃതരോട് നിർദേശി ക്കാനാവില്ലെന്ന് ഹൈകോടതി. സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം പ്രത്യേക വസ്ത്രധാരണ രീതി (ഡ്രസ് കോഡ്) നിലവിലിരിക്കെ മറ്റൊരു വേഷം ധരിച്ചെത്തുന്നവരെ ക്ലാസിൽ അനുവദിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സ്കൂൾ അധികൃതരാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിെല രണ്ടു വിദ്യാർഥിനികൾ പിതാവ് മുഖേന നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഒരാൾക്ക് വസ്ത്രധാരണം സംബന്ധിച്ച് സ്വന്തം ആശയം സ്വീകരിക്കാനും ദൃഢമായി വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, വ്യക്തിപരമായ ഇൗ അവകാശം നിലനിൽക്കുന്നുണ്ടെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യത്തിലും സമാന അവകാശങ്ങളുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വിശാല താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ തുല്യ അവകാശങ്ങളുള്ള സമൂഹത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിനാൽ വ്യക്തി താൽപര്യത്തേക്കാൾ വിശാല താൽപര്യം സംരക്ഷിക്കാൻ കോടതികൾ ബാധ്യസ്ഥമാണ്. വിശാല താൽപര്യം മറികടന്ന് അധീനപ്പെട്ട താൽപര്യങ്ങളെ നിലനിൽക്കാൻ അനുവദിക്കുന്നത് സമൂഹത്തിൽ കലാപത്തിന് കാരണമാകും.
വിദ്യാഭ്യാസം നൽകുകയെന്ന പ്രവർത്തനം സർക്കാറുകളുടെ ബാധ്യതയാണെന്നതിനാൽ, ഇത് നിർവഹിക്കുന്ന സ്വകാര്യ സ്ഥാപനം ഫലത്തിൽ സർക്കാർ സേവനമാണ് നിർവഹിക്കുന്നത്. അതിനാൽ, ഇൗ കേസിലെ വിശാല താൽപര്യം സ്കൂൾ മാനേജ്മെൻറിനൊപ്പമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭരണം അതിനനുസൃതമായ രീതിയിൽ നടത്താൻ അനുവദിക്കാതിരിക്കുന്നത് അവരുടെ മൗലികാവകാശത്തെ ബാധിക്കും. മറ്റുള്ളവരുടെ അവകാശം ഹനിച്ച് ഒരാളുടെ അവകാശം സംരക്ഷിക്കാൻ ഭരണഘടന ഉദ്ദേശിച്ചിട്ടില്ല. വ്യത്യസ്ത താൽപര്യങ്ങൾ അഭിപ്രായ വ്യത്യാസം കൂടാതെ സ്വാംശീകരിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്ന തത്ത്വമാണ് ഭരണഘടന നിർദേശിക്കുന്നത്. അതേസമയം, മൗലികാവകാശങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്നപക്ഷം വിശാല താൽപര്യത്തിന് വ്യക്തിതാൽപര്യം കീഴടങ്ങുകയല്ലാതെ നിർവാഹമില്ല. ഇൗ സാഹചര്യത്തിൽ സ്കൂളിന്റെ വിശാല അവകാശത്തിന് മേൽ വ്യക്തി അവകാശം നടപ്പാക്കാൻ ഹരജിക്കാർക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.