തദ്ദേശ സ്ഥാപന അധ്യക്ഷ പദവി നിലവിലെ സംവരണം തുടരാം
text_fieldsകൊച്ചി: അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ പുനർനിർണയം വേണമെന്ന സിംഗ്ൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തെരഞ്ഞെടുപ്പ് കമീഷനും സർക്കാറും നിലവിൽ നിശ്ചയിച്ചപോലെ അധ്യക്ഷ പദവികളുടെ സംവരണം തുടരാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ നിലവിൽ പ്രഖ്യാപിച്ച സംവരണത്തിൽ മാറ്റം വരുത്തുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.
അതേസമയം, പരമാവധി സംവരണം 50 ശതമാനം കവിയരുതെന്നും സംവരണ റൊട്ടേഷൻ ഉറപ്പാക്കണമെന്നുമുള്ള ഭരണഘടന, സ്റ്റാറ്റ്യൂട്ട് വ്യവസ്ഥകൾ പാലിച്ചില്ലെന്ന ആക്ഷേപം തെരഞ്ഞെടുപ്പിനുശേഷം മറ്റൊരു ഹരജിയിലൂെട പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കി പുനഃക്രമീകരിക്കാൻ നവംബർ 16നാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഭരണഘടന വ്യവസ്ഥ പാലിക്കാതെയാണ് സംവരണം അനുവദിച്ചതെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്. സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അധ്യക്ഷ പദവി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിംഗിൾബെഞ്ച് ഇടപെട്ടത് ഉചിതമല്ലെന്ന കമീഷെൻറ വാദം ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് വസ്തുതകൾ പരിഗണിക്കാതെയാണെന്നും ഉത്തരവ് നടപ്പാക്കുന്നത് സ്ത്രീ, പട്ടികവിഭാഗക്കാരുടെ സംവരണം അട്ടിമറിക്കുമെന്നും നൂറിലധികം സംവരണ അധ്യക്ഷ പദവികൾ ഇല്ലാതാകുമെന്നായിരുന്നു സർക്കാറിെൻറ വാദം. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താതെ അധ്യക്ഷ പദവി സംവരണം പുനഃക്രമീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.