യൂത്ത് കോൺഗ്രസ് നേതാവിന് ആക്രമണം; അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി
text_fieldsപ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ‘പ്രത്യേകിച്ച്’ ഒന്നും നടന്നില്ലെന്ന് കോടതി
കൊച്ചി: ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി.
സംഘത്തെ നിയോഗിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും 15 പ്രതികളിൽ അഞ്ചുപേരെ മാത്രമാണ് പിടികൂടിയതെന്നും മറ്റുള്ളവരെ പിടികൂടാൻ കഴിയാത്തത് ആശ്ചര്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് വിഷ്ണു സുനിൽ നൽകിയ ഹരജിയിൽ ഏഴുദിവസത്തിനകം പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് നിർദേശവും നൽകി. പ്രതികൾ സ്വാധീനമുള്ളവരായതിനാൽ പൊലീസ് നിഷ്ക്രിയമാണെന്ന ഹരജിക്കാരന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നെന്നും ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിപ്രായപ്പെട്ടു.
സംസ്ഥാന യുവജന കമീഷന്റെ മുൻ അധ്യക്ഷ ചിന്ത ജെറോം രണ്ടുവർഷത്തോളം കൊല്ലത്തെ ഒരു റിസോർട്ടിലാണ് താമസിച്ചിരുന്നതെന്നും ചിന്തയുടെ വരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസിൽ പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെ ഫെബ്രുവരി 21ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് വിഷ്ണു സുനിൽ ഹരജിയിൽ വ്യക്തമാക്കി.
നേരേത്ത സിറ്റി പൊലീസ് കമീഷണറിൽനിന്ന് ഹൈകോടതി റിപ്പോർട്ട് തേടിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി.ഐ ഉൾെപ്പടെയുള്ളവരെ ചേർത്ത് ഫെബ്രുവരി 25ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും കമീഷണർ റിപ്പോർട്ട് നൽകി.
മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ മാർച്ച് എട്ടിന് സ്ഥലം മാറിപ്പോയതോടെ എസ്.ഐ അന്വേഷണച്ചുമതല ഏറ്റെടുത്തു. ഒമ്പതുദിവസത്തിനുശേഷം മറ്റൊരു സി.ഐക്ക് അന്വേഷണച്ചുമതല കൈമാറി. ഇതുവരെ അഞ്ചുപ്രതികളെ പിടികൂടിയെന്നും ജൂൺ 11ന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പ്രത്യേകസംഘത്തെ നിയോഗിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ‘പ്രത്യേകിച്ച്’ ഒന്നും നടന്നില്ല. ആ നിലക്ക് നിലവിലെ പ്രത്യേക അന്വേഷണസംഘം ഫലപ്രദമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഹൈകോടതി പറഞ്ഞു.
തുടർന്നാണ് പുതിയ സംഘത്തെ നിയോഗിക്കാൻ ഉത്തരവിട്ടത്. ഹരജി ആഗസ്റ്റ് 24ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.