‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ.. കളകളെ പൂർണമായി നശിപ്പിക്കാൻ വീഡർ’ -ഒളിയമ്പുമായി എൻ. പ്രശാന്ത്
text_fieldsതിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ തുറന്ന വിമർശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഐ.എ.എസ്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ...’ എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ’ -എന്നാണ് കുറിപ്പിലുള്ളത്.
2008ൽ കോഴിക്കോട് കലക്ടറായിരുന്ന ജയതിലകിനൊപ്പം പ്രബേഷൻ അസി. കലക്ടറായിരുന്നു എൻ. പ്രശാന്ത്. ജയതിലകിനെതിരെ തുടർച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമർശനവുമായി പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന ജയതിലകിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സി.ബി.ഐ അഴിമതിവിരുദ്ധ ബ്യൂറോ ശിപാർശ സംബന്ധിച്ച പത്രവാർത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമർശനം.
പ്രശാന്തിനെ കോൺഗ്രസ് അനുകൂല സിവിൽ സർവിസ് ഉദ്യോഗസ്ഥനായി ചിത്രീകരിക്കാൻ ഇടതുമുന്നണിയിൽനിന്ന് ശ്രമം തുടങ്ങിയിടുണ്ട്. സി.പി.എം നേതാവും മുൻമന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറുമാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയും അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ പ്രശാന്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ചേർന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടൽ വിൽപന’എന്ന തിരക്കഥയെന്നും കുണ്ടറ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിച്ചതായും അവർ ആരോപിച്ചു.
അതിനിടെ, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സമൂഹമാധ്യമങ്ങളിലൂടെ മറ നീക്കിയതോടെ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി തെളിവ് നശിപ്പിച്ച വ്യവസായ വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഗോപാലകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണ് പൊലീസ് റിപ്പോർട്ടെന്നും ഉചിതമായ നടപടി വേണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാൽ, പെരുമാറ്റ ചട്ടം ലംഘിച്ച എൻ. പ്രശാന്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കട്ടെ എന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. താക്കീത്, സ്ഥലമാറ്റം, സസ്പെൻഷൻ തുടങ്ങി എന്ത് നടപടിയാണ് ഉണ്ടാവുക എന്നാണ് ഇനി അറിയാനുള്ളത്. ഐ.എ.എസുകാർക്കിടയിലെ ചേരിപ്പോര് ദിവസങ്ങൾ നീണ്ടിട്ടും സർക്കാർ നടപടി വൈകുന്നത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ നടപടി സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും.
ഐ.എ.എസുകാർക്കിടയിലെ മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ് സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ‘ഉന്നതി’യിലെ ഫയൽ സംബന്ധിച്ച് എൻ. പ്രശാന്തിനെതിരെ വാർത്തകൾ പുറത്തുവന്നത്. ജയതിലകും ഗോപാലകൃഷ്ണനും ചേർന്നാണ് പ്രശാന്തിനെതിരായ റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഇതിനിടെയാണ് ദീപാവലിയോടനുബന്ധിച്ച് ‘ഹിന്ദു മല്ലു ഓഫിസേഴ്സ്’ വാട്സ്ആപ് വിവാദം സ്ക്രീൻഷോട്ട് സഹിതം പുറത്തുവന്നത്. ഇതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെതിരായ വാർത്തകളെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
പ്രശാന്തിനെതിരെ അഡീഷനൽ ചീഫ്സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വിവാദം തുടങ്ങിയത്. ആദ്യ ദിവസം വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ വിമർശനം ഉന്നയിച്ചായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആഴക്കടൽ വിൽപനയുമായി ബന്ധപ്പെട്ട വാർത്താ ശേഖരണത്തിന്റെ ഭാഗമായി ഫോണിൽ ബന്ധപ്പെട്ട ഇതേ പത്രത്തിലെ വനിത മാധ്യമപ്രവർത്തകക്ക് അശ്ലീല സ്റ്റിക്കർ മറുപടി അയച്ച പ്രശാന്ത് നേരത്തേ വിവാദത്തിൽപെട്ടിരുന്നു.
അന്ന് ഭാര്യയെ രംഗത്തിറക്കിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ജയതിലകിനെതിരായ മൂന്നാംദിവസത്തെ കുറിപ്പിൽ പൗരന്റെ ഭരണഘടന അവകാശവും വിസിൽ േബ്ലാവർ നിയമവും ഉദ്ധരിച്ചുള്ള കുറിപ്പിൽ താൻ നിയമം പഠിച്ചതായും ചട്ടമറിയാമെന്നും പറയുന്നു. ‘പൊതു സൂക്ഷ്മപരിശോധന ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്ക്കെടുത്ത് ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത്.
സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് ഐ.എ.എസുകാരുടെ സർവിസ് ചട്ടമെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ പത്രത്തെയോ വിമർശിക്കരുതെന്നല്ല എന്നും പ്രശാന്ത് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കർഷകനാണ്...
കള പറിക്കാൻ ഇറങ്ങിയതാ...
ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്-നടീൽ വസ്തുക്കൾ എന്നിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്വർക്ക്, ഫിനാൻസ് ഓപ്ഷനുകൾ..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.