കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന കൊയ്ത്ത്; വിറ്റുനേടുന്നത് വർഷം 230 കോടി
text_fieldsതിരുവനന്തപുരം: ആവശ്യത്തിന് കിണറുകളും പൊതുജല വിതരണ ശൃംഖലയും പോരാത്തതിന് പൊതുമേഖലയിൽ രണ്ടു കുപ്പിവെള്ള യൂനിറ്റുകളുമുണ്ടായിട്ടും പ്രതിവർഷം ഇതരസംസ്ഥാന കമ്പനികൾ കേരളത്തിൽ വിൽക്കുന്നത് 230 കോടി രൂപയുടെ കുപ്പിവെള്ളം. സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന 200 ഓളം സ്വകാര്യ കമ്പനികൾക്ക് പുറമേയാണിത്. 50 ലക്ഷം ലിറ്റർ വെള്ളമാണ് കേരളത്തിലെ ആകെ ജലവിൽപന. ഇതിൽ നല്ലൊരു പങ്കും കൊണ്ടുപോകുന്ന ഇതരസംസ്ഥാന കമ്പനികളാണ്. ഇതരസംസ്ഥാനങ്ങളിൽ കൂലിയടക്കം ഉൽപാദന ചെലവ് കുറവായതിനാൽ വൻതോതിലാണ് കുപ്പിവെള്ളമെത്തിക്കുന്നത്. മാത്രമല്ല വില കുറച്ചുമാണ് ഇതരസംസ്ഥാന കമ്പനികളുടെ വിൽപന. അതുകൊണ്ടുതന്നെ കുപ്പിവെള്ള വിപണിയിൽ കടുത്ത മത്സരവുമുണ്ട്. അതിർത്തികളോട് ചേർന്ന് പ്രവർത്തിക്കുന്ന യൂനിറ്റുകളും നിരവധിയാണ്.
കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78 ശതമാനം പേർക്കും സ്വന്തമായി കിണറുകളുണ്ട്. മൊത്തം ജനസംഖ്യയിൽ 62 ശതമാനം കിണറുകളെയും 24.5 ശതമാനം പൈപ്പ് വെള്ളത്തെയും ആശ്രയിക്കുന്നു. സ്വകാര്യ കുടിവെള്ളക്കമ്പനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ വിലയില്‍ കുടിവെള്ളമെത്തിക്കാനാണ് സര്‍ക്കാര്‍ കുപ്പിവെള്ള മേഖലയിലേക്കിറങ്ങിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് (കിഡ്ക്) കീഴിൽ തൊടുപുഴ, അരുവിക്കര എന്നിവിടങ്ങളിലാണ് കുപ്പിവെള്ള പ്ലാന്റുകൾ. ഹില്ലി അക്വ എന്ന പേരിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ പ്ലാന്റുകൾ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. തൊടുപുഴയിലെ പ്ലാന്റിൽ അര ലിറ്റർ, ഒരു ലിറ്റർ, രണ്ട് ലിറ്റർ, എന്നിങ്ങനെയാണ് ഉൽപാദനം. അരുവിക്കര പ്ലാന്റിൽ ഒരു ലിറ്റർ ബോട്ടിലുകളും ഉൽപാദിപ്പിക്കുന്നുണ്ട്. കണക്കുകൾ ഇങ്ങനെയാണെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളയടുടേതടക്കം സ്വകാര്യ കുപ്പിവെള്ളക്കച്ചവടത്തിന് ഒരു കുറവുമില്ലെന്നാണ് കണക്കുകൾ അടിവരയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.