കടമെടുപ്പിന് അനുമതി നൽകാതെ കേന്ദ്രം; കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനം
text_fieldsതിരുവനന്തപുരം: പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കേന്ദ്രാനുമതി വൈകുന്നത് സംസ്ഥാനത്തെ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാക്കി. കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ വഴി എടുക്കുന്ന കടങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് അനുമതി വൈകുന്നതെന്നാണ് സൂചന. കോവിഡ് കാലത്ത് അനുവദിച്ച അധിക വായ്പയുടെ കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇവക്ക് വിശദീകരണം നൽകിയെങ്കിലും മേയ് പകുതിയായിട്ടും അനുമതിയായിട്ടില്ല. അനുമതിക്കായി കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് നീക്കം.
കടമെടുക്കാൻ അനുമതി വൈകുന്നത് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏപ്രിലിൽ 1000 കോടിയും മേയിൽ രണ്ടു തവണയായി 3000 കോടിയുമാണ് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇവയൊന്നും സാധിക്കാതെ വന്നതോടെ ട്രഷറി നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് പിടിച്ചു നിന്നത്. ഇനിയും അനുമതി വൈകിയാൽ ശമ്പള-പെൻഷൻ വിതരണത്തെയും ബാധിക്കും.
ജൂൺ ശമ്പള-പെൻഷൻ വിതരണത്തിന് തടസ്സമുണ്ടാകില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. എന്നാൽ, കേന്ദ്ര നിലപാട് തുടർന്നാൽ വരും മാസങ്ങളിൽ ഗുരുതര സാഹചര്യത്തിലേക്ക് പോകും. ജീവനക്കാരുടെ ശമ്പളത്തിൽ 10 ശതമാനം തൽക്കാലം പിടിച്ചു വെച്ച് ബാക്കി വിതരണം ചെയ്യണമെന്ന നിർദേശം അടക്കം സാഹചര്യം നേരിടാൻ വിവിധ സാധ്യതകൾ ധനവകുപ്പിന്റെ മുന്നിലെത്തിയിട്ടുണ്ട്.
എടുത്ത കടം സംബന്ധിച്ച ഭിന്നതയാണ് ഇപ്പോൾ കേന്ദ്രവും സംസ്ഥാനവും തമ്മിൽ. കിഫ്ബി വഴി അടക്കം ബജറ്റിന് പുറമെ, നടത്തുന്ന വായ്പകൾ കൂടി വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിലപാടാണ് കേന്ദ്രത്തിന്. സംസ്ഥാനം അതിന് തയാറല്ല. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് പാടില്ലെന്ന നിലപാട് എടുത്തിരുന്നു.
കിഫ്ബി അടക്കമുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടു വരാൻ പാടില്ലെന്നാണ് സംസ്ഥാന നിലപാട്. കേന്ദ്രം അനുമതി തരുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിനെതിരെ പരസ്യ വിമർശനത്തിന് തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.