വിലക്കയറ്റത്തോതിൽ കുതിച്ച് കേരളവും
text_fieldsതിരുവനന്തപുരം: കേരളത്തിലെ വിലക്കയറ്റം ജൂണിലെ 5.25 ശതമാനത്തിൽനിന്ന് ജൂലൈയിൽ 6.43 ശതമാനത്തിലേക്ക് ഉയർന്നെന്ന് ഉപഭോക്തൃ വില സൂചിക റിപ്പോർട്ട്.
റിസർവ് ബാങ്കിന്റെ സഹനപരിധി മറികടന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും. വിലക്കയറ്റ നില ആറ് ശതമാനമാണെന്നതാണ് റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള സഹനപരിധി. കേരളത്തിൽ ഗ്രാമീണ മേഖലയിലെ വിലക്കയറ്റം ജൂണിലെ 5.05 ശതമാനത്തിൽനിന്ന് ജൂലൈയിൽ 6.51 ശതമാനത്തിലേക്കാണുയർന്നത്. നഗരമേഖലയിൽ 5.46 ൽനിന്ന് 6.37 ലേക്കും.
മേയിൽ കേരളത്തിലെ വിലക്കയറ്റം 4.48 ശതമാനമായിരുന്നു. ഇതാണ് ജൂലൈയിൽ 6.43 യിലേക്കെത്തിയത്. രണ്ട് മാസത്തിനിടെ വർധന 1.95 ശതമാനമാണ്. എങ്കിലും രാജ്യത്ത് മുന്നിര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പം കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരാനാകുന്നുവെന്നതാണ് നേരിയ ആശ്വാസം. ഒപ്പം കഴിഞ്ഞ അഞ്ച് മാസമായി ദേശീയശരാശരിക്ക് താഴെയാണ് കേരളത്തിന്റെ നില.
സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ വില ഉയരുന്ന പ്രവണതയാണ് ഉപഭോക്തൃ വില സൂചിക ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ ഇനങ്ങളിലെ വിലക്കയറ്റം ജൂണിൽ 194 ആയിരുന്നെങ്കിൽ ജൂലൈയിൽ 198.1 ആയാണ് ഉയർന്നത്. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറി, പഴങ്ങൾ, മാംസം, മുട്ട, എണ്ണ, പാൽ ഉൽപന്നങ്ങൾ തുടങ്ങി 12 വിഭാഗങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വില അടിസ്ഥാനത്തിലാണ് ഭക്ഷ്യ ഇനങ്ങളിലെ വില സൂചിക കണക്കാക്കുന്നത്.
പച്ചക്കറി വിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ പ്രധാന കാരണമായി കരുതുന്നത്. തക്കാളി വില കഴിഞ്ഞ മാസം റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചിരുന്നു.
ഭക്ഷണങ്ങൾ പാനീയങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഭവനം, ഇന്ധനം തുടങ്ങി ഏഴ് വിഭാഗങ്ങളുടെ വില അടിസ്ഥാനപ്പെടുത്തിയാണ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.