കേരളത്തിലെ നീറ്റ് വിജയ പരസ്യം ‘പരീക്ഷ ജിഹാദാ’ക്കി സംഘ്പരിവാർ കേന്ദ്രങ്ങൾ; സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണം
text_fieldsമലപ്പുറം: കേരളത്തിലെ മത്സരപരീക്ഷാ കോച്ചിങ് സെന്ററിന്റെ വിജയപരസ്യം ഉത്തരേന്ത്യയിൽ വർഗീയ പ്രചാരണത്തിനും നീറ്റ് പരീക്ഷ ക്രമക്കേടിൽനിന്ന് തലയൂരാനും ദുരുപയോഗിച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ. കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് മാതൃഭൂമി പത്രത്തിൽ നൽകിയ പരസ്യമാണ് ‘പരീക്ഷാ ജിഹാദ്’ എന്ന ഹാഷ് ടാഗോടെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നത്.
മലപ്പുറം ജില്ലയിലെ സ്ഥാപനത്തിൽ നിന്ന് വിജയിച്ച മുസ്‍ലിം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥിനികളുടെ ചിത്രങ്ങൾ അടങ്ങിയതാണ് പത്രപരസ്യം. ‘നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കൾ ആരാണെന്ന് ഈ പരസ്യം വ്യക്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ആർ.എസ്.എസ് സഹയാത്രികനും കടുത്ത മുസ്‍ലിം വിരുദ്ധനുമായ സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചാവങ്കെ പരസ്യം പങ്കുവെച്ചത്. പരസ്യത്തിൽ ഭൂരിഭാഗവും മുസ്‍ലിം വിദ്യാർഥികളായതിനാൽ നീറ്റ് ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നിൽ മുസ്‍ലിംകളാണെന്ന് വരുത്തിത്തീർക്കാനാണ് ചാവങ്കെയുടെ ശ്രമം. ഇതേ പരസ്യം മറ്റു നിരവധി സംഘ്പരിവാർ സഹയാത്രികരും കൂട്ടത്തോടെ പങ്കുവെച്ചിട്ടുണ്ട്.
ഭാരതീയ സിറ്റിസൺ (@LawAcademics) എന്ന എക്സ് അക്കൗണ്ടിലെ പ്രസ്തുത പോസ്റ്റ് 11 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്. 6,900 തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്. “നീറ്റ് പ്രവേശന ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കൾ. ഇവർ ഏത് മതക്കാരാണെന്നറിയാൻ ഫോട്ടോകൾ നോക്കൂ, ആരാണെന്ന് ഊഹിക്കൂ.. എല്ലാം മുസ്‍ലിംകൾ മാത്രം’ എന്നാണ് ഇയാളുടെ അടിക്കുറിപ്പ്. സമാനമായ അടിക്കുറിപ്പോടെ അനുപം മിശ്ര (@scribe9104) എന്ന പത്രപ്രവർത്തകനും ഇതുപങ്കുവെച്ചിട്ടുണ്ട്. ഈ ട്വീറ്റ് 2.67 ലക്ഷത്തിലധികം പേരാണ് കണ്ടത്. 4,900 തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്്.
കോച്ചിങ് സെന്ററിൽ നിന്ന് ഈ വർഷം നീറ്റ് കരസ്ഥമാക്കിയ ടോപ്പേഴ്സിൻ്റെ ചിത്രങ്ങളടങ്ങിയതാണ് പത്രപരസ്യമെന്ന് കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് ഡയറക്ടർ അബ്ദുൽഹമീദ് പറഞ്ഞു. എല്ലാ സമുദായത്തിൽനിന്നുള്ളവരും ടോപ്പർമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.