പൊതുവിദ്യാഭ്യാസരംഗത്ത് കേരളം മാതൃക -സ്പീക്കർ
text_fieldsചവറ: പൊതുവിദ്യാഭ്യാസരംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന 134 വർഷത്തെ പഴക്കമുള്ള തേവലക്കര പാലക്കൽ മുസ്ലിം എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, പാഠ്യേതര രംഗങ്ങളിലും കുട്ടികളെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കേണ്ടതുണ്ട്. അതുപോലെ സ്കൂളുകളിൽ നല്ല ലൈബ്രറികൾ സ്ഥാപിച്ച് കുട്ടികളെ വായനയിലേക്ക് തിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സലിം പേരാട്ട് ഉപഹാര സമർപ്പണം നടത്തി.
വിവിധ സ്ക്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾ, കലോത്സവ വിജയികളായ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകർ, ജില്ലയിലെ മികച്ച നൂൺ മീൽ ഓഫിസർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന റഷീദ്, അനസ്, എം.എ. അൻവർ, ചാലിയത്ത് മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ യു.എ. ബഷീർ, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബദറുദ്ദീൻ കൈമവീട്, സാധുസഹായ സമിതി കൺവീനർ സലീം കാക്കോന്റെയ്യത്ത്, കൗൺസിൽ സെക്രട്ടറി ഇബ്രാഹീം കുഞ്ഞ്, ചവറ എ.ഇ.ഒ സജി. പി, ഐ. ഷിഹാബ്, സജി, കോണിൽ രാജേഷ്, കിണറുവിള സലാഹുദ്ദീൻ, അബ്ദുസ്സമദ്, പ്രഥമാധ്യാപികമാരായ ഫസീലത്തുബീവി, ഹഫ്സത്ത് ബീവി, പി.ടി.എ പ്രസിഡന്റ് ഷഫീഖ് എം. അലി എന്നിവർ സംസാരിച്ചു. ഇസത്തുൽ ഇസ്ലാം മദ്റസ ആൻഡ് സ്കൂൾ കമ്മിറ്റി സെക്രട്ടറി അഡ്വ. തേവലക്കര ബാദുഷ സ്വാഗതവും ട്രഷറർ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.