സാമൂഹിക നീതിയിൽ കേരളം മുന്നിൽ -മന്ത്രി സജി ചെറിയാൻ
text_fieldsവർക്കല: സാമൂഹിക നീതിയിലും സമ്പത്തിക മുന്നേറ്റത്തിലും കേരളം ഏറെ മുന്നിലാണെന്ന് മന്ത്രി സജി ചെറിയാൻ. 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'സംഘടിത പ്രസ്ഥാനങ്ങൾ- നേട്ടങ്ങളും കോട്ടങ്ങളും' എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ധകാരത്തിലും അനാചാരത്തിലും കുടുങ്ങിക്കിടന്ന സമൂഹത്തെ മാറ്റിമറിച്ച് അവരെ മനുഷ്യരാക്കിയെടുക്കുകയായിരുന്നു ശ്രീനാരായണ ഗുരുവെന്നും മന്ത്രി പറഞ്ഞു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, എം. ലിജു, ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ജി. പ്രിയദർശനൻ, ഡോ. അജയ്ശേഖർ, സുനീഷ് സുശീലൻ, കെ.പി. സനീഷ്, വി.കെ. മുഹമ്മദ്, സതീഷ് പ്രഭ, സിനിൽ മുണ്ടപ്പിള്ളി, കെ. മുരളീധരൻ, സൗത്ത് ഇന്ത്യൻ വിനോദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ശങ്കരാനന്ദ എന്നിവർ സംസാരിച്ചു.
അധികാരത്തിന്റെ ആർത്തി വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നു -ബിനോയ് വിശ്വം
വർക്കല: പുതിയ ഇന്ത്യയിൽ അധികാരത്തിന്റെ ആർത്തി വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് എല്ലാ ചടങ്ങുകളിലും സന്യാസിമാർക്കുള്ള പ്രാമുഖ്യം കൂടിക്കൂടി വരുന്നു. പാർലമെന്റിലും സന്യാസവേഷധാരികളായ എം.പിമാർ ഏറെയാണ്. ബഹളം വെക്കാനും കൂക്കിവിളിക്കാനും അട്ടഹസിക്കാനും ഇവർ മുൻപന്തിയിലുണ്ട്. അധികാരവും വിശ്വാസവും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ സൂചനയാണിത്. അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപനത്തിൽ വിശ്വാസപരമായ ചടങ്ങുകൾ നടക്കവേ പെട്ടെന്ന് പ്രധാന പുരോഹിതനെയും തള്ളിമാറ്റി പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം പ്രധാന പൂജ ചെയ്ത് ശിലാസ്ഥാപനം നടത്തുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന വേളയിലും സന്യാസിമാരെ ധാരാളമായി ക്ഷണിച്ചിരുത്തി. പെട്ടെന്ന് അവർക്കിടയിൽ നിന്നും പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നു. പ്രധാന പൂജ ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു. വിശ്വാസമേത്, അധികാരമേത് എന്ന് തിരിച്ചറിയാനാവാത്തവിധം ഈ ബന്ധം കൂട്ടിച്ചേർന്നു കിടക്കുന്നു -ബിനോയ് വിശ്വം പറഞ്ഞു. ശിവഗിരിയുടെ മണ്ണ് കേരളത്തിന്റെയും ഇന്ത്യയുടെയും മഹത്തായ നവോത്ഥാനം മുന്നോട്ടുവച്ച മണ്ണാണ്. ശ്രീനാരായണ ഗുരു കേവലമൊരു സന്യാസിയല്ല. മറിച്ച് അദ്ദേഹം ദാർശനികനായ സന്യാസിവര്യനായിരുന്നു. കണ്ണാടി പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു കാണിച്ചത് വലിയ വിപ്ലവമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.