സർക്കാറിന്റെ ദുർവ്യയം: കേരളം സാമ്പത്തിക ദുഃസ്ഥിതിയിലായി -വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: നികുതി കൃത്യമായി പിരിക്കാത്തതും ദുർചെലവ് കൂടിയതും സംസ്ഥാനത്തിന് സാമ്പത്തിക ദുഃസ്ഥിതിയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാവശ്യചെലവ് ചുവന്ന മഷി ഉപയോഗിച്ച് വെട്ടുന്ന രീതി ധനവകുപ്പ് ഒഴിവാക്കി. പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ധനവകുപ്പറിയാത്ത പദ്ധതികൾപോലും മന്ത്രിസഭയിൽ അവതരിപ്പിച്ച് പാസാക്കുകയാണ്. കോവിഡ് കാലത്താണിത് കൂടുതൽ നടന്നത്. വാറ്റിലെ നികുതി സംവിധാനമാണ് ഇപ്പോഴും ജി.എസ്.ടിയിലുള്ളത്. ഇതിന് മാറ്റമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മെഡിസെപ് ഇൻഷുറൻസിൽ പോലും കബളിപ്പിക്കലാണ്. പ്രധാന ആശുപത്രികളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. പി.എം. നിയാസ്, പി.എം. അബ്ദുറഹിമാൻ, രാജൻ ഗുരുക്കൾ, എം.പി. വേലായുധൻ, അഡ്വ. എം. രാജൻ, കെ.സി. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കെ.സി. ജോസഫ്, ആര്യാടൻ ഷൗക്കത്ത്, ജി. പരമേശ്വരൻ നായർ, ടി.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
‘കോൺഗ്രസ് നേതാക്കളിടപെട്ട് കെ.എസ്.എസ്.പി.എയെ വഷളാക്കരുത്’
കോഴിക്കോട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷനാണ് (കെ.എസ്.എസ്.പി.എ) കോൺഗ്രസിന്റെ ഏറ്റവും മികച്ച പോഷക സംഘടനയെന്നും പാർട്ടി നേതാക്കളിടപെട്ട് അതിനെ വഷളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കിയാണിത് പറയുന്നത്. അടുക്കും ചിട്ടയോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. പോഷക സംഘടനകൾക്ക് ഇവരെ മാതൃകയാക്കാം. പാർട്ടി ഭാരവാഹികളായി നിൽക്കുന്ന പെൻഷൻകാർ പെൻഷനേഴ്സ് അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.