കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി
text_fieldsതിരുവനന്തപുരം:''കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും''. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.
കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ 'കേരള ലവ് സ്റ്റോറി' പറയുന്ന ' കേരള ക്രോണിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ' എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.
നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.
2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്.
കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു.
നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.
ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.
ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.