വലുപ്പത്തിന്റെ കാര്യത്തിലാണ് ചെറുപ്പം, വിദ്യാഭ്യാസത്തിൽ ചെറുതല്ല കേരളം -മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: വലുപ്പത്തിന്റെ കാര്യത്തിൽ കൊച്ചുകേരളം എന്നറിയപ്പെടുന്ന നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയുമെല്ലാം കാര്യത്തിൽ വലുതാണെന്ന് മന്ത്രി പി. രാജീവ്. പി.എം ഫൗണ്ടേഷൻ ‘മാധ്യമ’വുമായി സഹകരിച്ച് നടത്തിയ അക്കാദമിക് എക്സലൻസ് അവാർഡ്ദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർവകലാശാലയിലെ വിവിധ കോഴ്സുകൾക്ക് ഈ വർഷം 48 രാജ്യങ്ങളിലെ 1500 വിദ്യാർഥികളാണ് അപേക്ഷിച്ചത്. നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ പഠിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യമൊരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്താംക്ലാസ് വിദ്യാർഥികൾക്കായി നടത്തിയ ടാലൻറ് സെർച് പരീക്ഷയിൽ പി.എം ഫെലോഷിപ്പിന് അർഹരായ വിദ്യാർഥികൾക്കുൾപ്പെടെ മന്ത്രി അവാർഡുകൾ സമ്മാനിച്ചു.
മികച്ച സ്കൂളുകൾക്കുള്ള പ്രഫ. കെ.എ. ജലീൽ അവാർഡിൽ മലപ്പുറം കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം (മൂന്നു ലക്ഷം രൂപയും ഫലകവും) നേടി. പത്തനംതിട്ടയിലെ ജി.എച്ച്.എസ്.എസ് കിസ്സിമം, പാലക്കാട് പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ് എന്നിവ രണ്ടാംസ്ഥാനം (രണ്ടു ലക്ഷം) പങ്കിട്ടു. ഒരുലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് കോഴിക്കോട് ചേന്ദമംഗലൂർ എച്ച്.എസ്.എസ് അർഹരായി. സ്കൂൾ അധികൃതർ അവാർഡുകൾ ഏറ്റുവാങ്ങി.
അക്കാദമിക് എക്സലൻസ് അവാർഡ് നേടിയവരിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ എസ്. നിരഞ്ജന് 25,000 രൂപയും ഫലകവും അടങ്ങുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് സമ്മാനിച്ചു.
വിദ്യാർഥികൾക്ക് ലക്ഷ്യത്തിലെത്താനുള്ള ഫോക്കസ് ഉണ്ടാകണമെന്ന് പി.എം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. പി. മുഹമ്മദലി പറഞ്ഞു. കേവലം അക്കാദമിക് പ്രോത്സാഹനങ്ങളല്ല, മറിച്ച് നാളെ എത്തിച്ചേരുന്ന ജീവിതവഴികളിൽ നാം പൂർത്തിയാക്കേണ്ട ദൗത്യത്തെക്കുറിച്ചുള്ള സന്ദേശംകൂടിയാണ് ഈ പുരസ്കാരങ്ങളെന്ന് ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ് പറഞ്ഞു.
ഹോട്ടൽ ലെമെറിഡിയനിൽ നടന്ന ചടങ്ങിൽ പി.എം ഫൗണ്ടേഷൻ ചെയർമാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, പി.സി. മുഹമ്മദ് റഈസ്, ഒ.എ. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷാഫി, ഡോ. കെ.എ. അയിഷ സ്വപ്ന എന്നിവർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസ് നയിച്ചു. അവാർഡ് വിതരണച്ചടങ്ങിൽ ഫൗണ്ടേഷൻ ട്രസ്റ്റി ഖദീജ മുഹമ്മദലി സ്വാഗതവും സി.എച്ച്.എ. റഹീം നന്ദിയും പറഞ്ഞു.
ഡോ. പി. മുഹമ്മദലിയുടെ പത്നി റസിയ, ട്രസ്റ്റികളായ ഡോ. എൻ.എം. ഷറഫുദ്ദീൻ, എ.എം.എം. അബ്ദുൽ ബഷീർ, ഡോ. അഷ്റഫ് കടയ്ക്കൽ, ഡോ. കെ.ടി. അഷ്റഫ്, സി. മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.