കേരള കലാമണ്ഡലം; തീർപ്പാക്കാനുള്ളത് 29 വർഷത്തെ ഓഡിറ്റ്
text_fieldsതൃശൂർ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 29 വർഷമായിട്ടും ഓഡിറ്റ് തീർപ്പാക്കിയില്ല. കണക്കും പരിശോധനയും തീർപ്പും നടപടികളുമില്ലാത്തതിനാൽ അക്കാദമികൾ അധികാരകേന്ദ്രങ്ങളായി കൊള്ള തുടരുന്നു.
കേരള കലാമണ്ഡലത്തിന്റെ 29 വർഷത്തെയും സംഗീത നാടക അക്കാദമിയുടെ 24 വർഷത്തെയും ലളിതകല അക്കാദമിയുടെ 28 വർഷത്തെയും സാഹിത്യ അക്കാദമിയുടെ 25 വർഷത്തിലേയുമടക്കം ഓഡിറ്റുകൾ തീർപ്പാക്കാനുണ്ടെന്ന് വിവരാവകാശപ്രകാരമുള്ള രേഖയിൽ വ്യക്തമാക്കുന്നു. സാംസ്കാരിക സ്ഥാപനങ്ങൾക്ക് ലോക്കൽ ഫണ്ട്, എ.ജി ഓഡിറ്റുകളാണ് പ്രധാനമായുമുള്ളത്. ഇതിൽ വിശദമായ പരിശോധന നടത്തുക ലോക്കൽ ഫണ്ട് ഓഡിറ്റ് ആണ്. ഇതിന് മുകളിലുള്ള പരിശോധനയാണ് എ.ജി നടത്തുന്നത്. ഓഡിറ്റ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ന്യൂനതകൾ പരിശോധിക്കുകയും തീർപ്പാക്കുകയും വേണം. ഇതിന് സർക്കാറിന്റെ അംഗീകാരവും വേണമെന്നാണ് ചട്ടം. ഓഡിറ്റിന് അനുസരിച്ചാണ് പ്രതിവർഷം സ്ഥാപനത്തിന് ഗ്രാന്റ് അനുവദിക്കുക. എന്നാൽ, മൂന്ന് പതിറ്റാണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ടുകൾ ഒരു പരിഗണനയും പരിശോധനയുമില്ലാതെ തീർപ്പാകാതെ കിടക്കുകയാണെന്നാണ് ഔദ്യോഗിക മറുപടി. പ്രതിവർഷ ഗ്രാന്റുകളും മറ്റ് ആവശ്യങ്ങൾക്കായുള്ള പണമനുവദിക്കലും ഒരു തടസ്സവുമില്ലാതെ തുടരുന്നു. ഓഡിറ്റ് റിപ്പോർട്ട് സ്ഥാപനം, ധനകാര്യ വകുപ്പ്, സാംസ്കാരിക വകുപ്പ് എന്നിവർക്കായി അയച്ച് നൽകും. റിപ്പോർട്ടിലെ ന്യൂനതകളിലും പിശകുകളിലും വിശദീകരണം തേടുകയും നടപടി സ്വീകരിച്ചും ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതോടെയാണ് ഓഡിറ്റ് തീർപ്പാവുക.
കലാമണ്ഡലത്തിൽ ഓഫിസ് ആധുനികവത്കരണത്തിലെ തുക വിനിയോഗം, ഇൻസ്ട്രക്ടർമാരുടെ നിയമനങ്ങൾ, വള്ളത്തോൾ ചെയർ സ്ഥാപിക്കാനായി അനുവദിച്ച തുക വിനിയോഗം എന്നിവയും ലളിതകല അക്കാദമിയിലെ ധൂർത്ത്, സാഹിത്യ അക്കാദമിയിൽ സാഹിത്യ ചരിത്രം, ഗ്രന്ഥ സൂചി എന്നിവയിലടക്കം 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടാക്കൽ, സംഗീത നാടക അക്കാദമിയിൽ മുരളിയുടെ പ്രതിമ സ്ഥാപിക്കൽ അടക്കമുള്ളവയിലെ ചെലവ് എന്നിവയടക്കമുള്ളവ വലിയ വിവാദമുണ്ടാക്കിയതും ഓഡിറ്റ് വിഭാഗം പരാമർശങ്ങൾ നടത്തിയതുമാണ്.
എന്നാൽ, ഒരിടത്ത് പോലും ഓഡിറ്റുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ധനകാര്യവകുപ്പോ, സാംസ്കാരിക വകുപ്പോ കടന്നിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി സർക്കാർ നേരിടുമ്പോഴാണ് ഇപ്പോൾ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇതിനായി സർക്കാർ ഒരു കോടി അനുവദിച്ചിട്ടുണ്ട്. മൂന്ന് കോടിയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.