സാമ്പത്തിക പ്രതിസന്ധിയിലും കലാമണ്ഡലം ചാൻസലറുടെ ശമ്പളം രണ്ടു ലക്ഷം
text_fieldsതൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കലാമണ്ഡലം കൽപിത സർവകലാശാലയിലെ ചാൻസലർക്ക് പ്രതിമാസം നൽകുന്നത് രണ്ടു ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകരടക്കം 125 താൽക്കാലിക ജീവനക്കാരെ ഒറ്റയടിക്ക് കഴിഞ്ഞ ദിവസം പിരിച്ചുവിട്ട സാഹചര്യത്തിലാണ് ഈ അധികച്ചെലവ് വീണ്ടും ചർച്ചയാകുന്നത്.
ചാൻസലർ പദവി വഹിച്ചിരുന്ന ഗവർണറെ നീക്കിയാണ് പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ ആ പദവിയിലേക്ക് സർക്കാർ കൊണ്ടുവന്നത്. ഗവർണർക്കു പകരം പുറത്തുനിന്നുള്ള ആളെ ചാൻസലറായി കൊണ്ടുവരുമ്പോൾ അധിക സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്ന അവകാശവാദമാണ് നിയമനത്തെ ന്യായീകരിച്ച് സർക്കാർ പറഞ്ഞിരുന്നത്.
2006ലാണ് കലാമണ്ഡലം കൽപിത സർവകലാശാലയാകുന്നത്. മറ്റു സർവകലാശാലകളുടേതിന് സമാനമായി ചാൻസലറുടെ ചുമതല അന്നുമുതൽ ഗവർണർക്കായിരുന്നു. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുസർക്കാറും ഗവർണറും തമ്മിൽ പരസ്യപ്പോര് തുടങ്ങിയതോടെയാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ നീക്കം തുടങ്ങിയത്. മറ്റു സർവകലാശാലകളുടെ കാര്യത്തിൽ പുതിയ ബിൽ ആവശ്യമായതിനാൽ കാര്യങ്ങൾ എളുപ്പമായില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പുവെക്കാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതോടെ നിലവിൽ അവിടെ കുടുങ്ങിക്കിടക്കുകയാണ്.
എന്നാൽ, കലാമണ്ഡലത്തിൽ ചാൻസലറെ നിയമിക്കുന്നത് സർക്കാറായതിനാൽ പദവിയിൽനിന്ന് നീക്കാൻ തടസ്സങ്ങളുണ്ടായിരുന്നില്ല. 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ ചാൻസലറായി നിയമിച്ചത്. തുടക്കത്തിൽ പ്രതിഫലത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് ശമ്പളം ആവശ്യപ്പെട്ട് ഇവർ സർക്കാറിന് കത്ത് നൽകുകയായിരുന്നു. ഓണറേറിയമായി പ്രതിമാസം 1.75 ലക്ഷവും ഓഫിസ് ചെലവിനായി 25,000 രൂപയും അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം. വല്ലപ്പോഴും കലാമണ്ഡലം സന്ദർശിച്ച് മടങ്ങുന്ന ചാൻസലർക്കായി പ്രതിവർഷം 24 ലക്ഷം രൂപ ചെലവഴിക്കുന്നത് എന്തിനെന്ന ചോദ്യം പല കേന്ദ്രങ്ങളും ഉയർത്തിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.