മദ്റസാധ്യാപകെൻറ കൊല: പ്രത്യേകസംഘം അന്വേഷണം തുടങ്ങി
text_fieldsകാസർകോട്: പഴയ ചൂരിയിലെ മദ്റസാധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവി പള്ളിമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള സംഘം പഴയ ചൂരിയിലെ മൊഹ്യുദ്ദീൻ ജുമാമസ്ജിദിലെത്തി തെളിവെടുപ്പ് നടത്തി. റിയാസ് മൗലവിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ മസ്ജിദിനോടനുബന്ധിച്ച മുറിയും പരിസരങ്ങളും സംഘം വിശദമായി പരിശോധിച്ചു. തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഖതീബ് മലപ്പുറം സ്വദേശി അബ്ദുല്‍ അസീസ് വഹാബിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വയനാട് ജോയൻറ് എസ്.പി ജി. ജയദേവ്, ഡിവൈ.എസ്.പി മോഹനചന്ദ്രൻ നായർ, തളിപ്പറമ്പ് സി.െഎ പി.കെ. സുധാകരൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസാധ്യാപകനായ റിയാസ് മൗലവിയെ അദ്ദേഹം താമസിച്ചിരുന്ന പള്ളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. വയറ്റിലും നെഞ്ചത്തുമേറ്റ കുത്തുകളാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയുടെ ഇടതുഭാഗത്തുൾപ്പെടെ 28 മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു.
കല്ലെറിയുന്നതുപോലുള്ള ശബ്ദംകേട്ട് വാതില്‍ തുറന്നുനോക്കിയപ്പോള്‍ ഒരാൾ പള്ളിക്ക് മുന്നിൽ നില്‍ക്കുന്നതായി കണ്ടുവെന്നും പള്ളി ആക്രമിക്കാൻ വന്നതാണെന്ന് കരുതി പിൻവശത്തെ വാതിലിലൂടെ പള്ളിക്കകത്തുകയറി ബാങ്ക് വിളിക്കുകയും പള്ളിക്കുനേരെ അക്രമം നടക്കുന്നതായി മൈക്കിലൂടെ അറിയിക്കുകയുമാണുണ്ടായതെന്ന് അബ്ദുല്‍ അസീസ് വഹാബി പൊലീസിന് മൊഴിനല്‍കി. കൊലയാളി പള്ളിമുറിയിലേക്ക് പ്രവേശിച്ച വഴി കണ്ടെത്താനുള്ള പരിശോധനയാണ് സംഘം ആദ്യം നടത്തിയത്. പ്രധാന റോഡിൽനിന്ന് അകന്ന് സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് പുറേമനിന്ന് എത്തിച്ചേരാൻ അഞ്ചു വഴികളുണ്ട്. ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.