കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവി അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ എം.എസ്. രവി അന്തരിച്ചു. 68 വയസ്സായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ പേട്ട കേരളകൗമുദി വളപ്പിൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്വവസതിയിൽെവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സി.വി. കുഞ്ഞിരാമെൻറ പൗത്രനും കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരെൻറ ഇളയ മകനുമാണ് എം.എസ്. രവി. കൊല്ലം പള്ളിത്തോട്ടം വിമല നിവാസിൽ ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റർ ദീപുരവി, കേരളകൗമുദി ഡയറക്ടർ (മാർക്കറ്റിങ്) ദർശൻ രവി എന്നിവർ മക്കളാണ്. മരുമകൾ: ഡോ. ദിവ്യ.
കേരളകൗമുദി മുൻ പത്രാധിപർ എം.എസ്. മണി, പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്. തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2013 ഒക്ടോബറിലാണ് അദ്ദേഹം കേരളകൗമുദി ചീഫ് എഡിറ്ററായി ചുമതലയേറ്റത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായിരുന്നു. മാധ്യമരംഗത്തെ സമഗ്രസംഭാവനക്കുള്ള ലാൽകൃഷ്ണ മെമ്മോറിയൽ അവാർഡ്, ആലിലക്കണ്ണൻ പുരസ്കാരം, ഗാന്ധിഭവൻ സ്നേഹരാജ്യം മീഡിയ അവാർഡ്, ലയൺ എക്സലൻസ് അവാർഡ്, മാനവസേവാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനുവേണ്ടി മന്ത്രി ജി. സുധാകരൻ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അനുശോചനമറിയിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വി.എസ്. ശിവകുമാർ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ , ഡോ. ജോർജ് ഓണക്കൂർ, ആസൂത്രണബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, മലങ്കര കത്തോലിക്കാസഭ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ‘മാധ്യമ’ത്തിനുവേണ്ടി ഡെ. എഡിറ്റർ വയലാർ ഗോപകുമാർ, ന്യൂസ് എഡിറ്റർ എം.കെ.എം. ജാഫർ, റീജ്യനൽ മാനേജർ വി.എസ്. സലിം എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.