ലളിതകല അക്കാദമി പ്രസ്താവന വിവാദത്തിലേക്ക്; സമൂഹ മാധ്യമത്തിൽ പരസ്യപ്പോര്
text_fieldsതൃശൂർ: കേരള ലളിതകല അക്കാദമി ഭരണസമിതി മാറണമെന്ന് ഒരുവിഭാഗം കലാകാരന്മാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ. 'ആശ്രിതർക്കായുള്ള വെൽഫെയർ സൊസൈറ്റി' എന്ന തലത്തിലേക്ക് അക്കാദമിയുടെ നിലവാരം താണെന്നതുൾപ്പെടെ വിമർശനങ്ങളുമായി കേരള കലാ സമൂഹം എന്ന പേരിൽ 281 കലാകാരന്മാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെ ചെയർമാൻ ഉൾപ്പെടെ മൂന്ന് ഭരണസമിതി അംഗങ്ങൾ നടത്തിയ വാർത്തസമ്മേളനവും വാർത്താക്കുറിപ്പുമാണ് വിവാദമാകുന്നത്.
'വികല മനസ്സുള്ള കുടിലജന്മങ്ങളുടെ' നുണപ്രചാരണമാണ് ഇതെന്നാണ് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി. ബാലൻ, വൈസ് ചെയർമാൻ എബി എൻ. ജോസഫ് എന്നിവരുടെ വാർത്തക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ച കലാകാരന്മാരുടെ സംഘടനയെ 'ടാഗ്' ചെയ്താണ് പ്രതിഷേധക്കാർക്ക് മൂന്ന് പേജുള്ള മറുപടി അക്കാദമി ഭാരവാഹികൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിൽ അഭിനന്ദന പ്രവാഹമറിയിക്കുന്നതും എതിർപ്പുകൾക്ക് മറുപടി ചെയ്യുന്നതും ഇക്കൂട്ടർ തന്നെ.
അക്കാദമിയുടെ ആനുകൂല്യം പറ്റുന്ന കലാകാരന്മാരെ മറുവിഭാഗം കലാകാരന്മാർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്താൻ നിയോഗിക്കുന്നത് കേരള ലളിതകല അക്കാദമി ചരിത്രത്തിന് നാണക്കേടാണെന്ന് ഒരു മാസംമുമ്പ് ലളിതകല അക്കാദമി നിർവാഹക സമിതിയിൽനിന്ന് മാസം മുമ്പ് രാജിവെച്ച ടോം വട്ടക്കുഴി 'മാധ്യമ'ത്തോട് പറഞ്ഞു. ''അക്കാദമി ഇപ്പോൾ കലാകാരന്മാരെ ഭിന്നിപ്പിക്കുകയും സ്തുതിപാടകരെ ഉണ്ടാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലാണ്. വിമർശിക്കുന്നവർക്കെതിരെ അക്കാദമി ശത്രുതാസമീപനം സ്വീകരിക്കുന്നത് ശരിയല്ല '' - അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് ഒരു കൂട്ടം കലാകാരന്മാർ കൊടുത്ത നിവേദനത്തിന് പകരമായി അത് ചെയ്തവർക്കെതിരെ വാർത്തക്കുറിപ്പ് ഇറക്കിയത് നിർവാഹക സമിതിയുടെ സമ്മതമില്ലാതെയാണെന്ന് ഫേസ്ബുക്കിലെ കമൻറിൽ ചില നിർവാഹക സമിതി അംഗങ്ങൾ കുറിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.