വയനാട്: കേരളത്തിന്റെ മെമ്മോറാണ്ടത്തോട് കേന്ദ്രം മുഖംതിരിച്ചു
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കണക്ക് നിരത്തിയും സാഹചര്യങ്ങൾ അടിവരയിട്ടും നൽകിയ മെമ്മോറാണ്ടത്തോട് കേന്ദ്രം മുഖംതിരിച്ചെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തൽ. ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്രത്തിൽനിന്ന് ഇന്റർമിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐ.എം.സി.ടി) ദുരിതബാധിത മേഖല സന്ദർശിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ കേരളം മേഖലതിരിച്ച നഷ്ടപരിഹാര മെമ്മോറാണ്ടം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും സ്വതന്ത്ര വിദഗ്ധരുമടങ്ങുന്ന സംഘമാണ് ഇതു തയാറാക്കിയത്.
മൂന്നു മാസമായിട്ടും ഈ മെമ്മോറാണ്ടം കേന്ദ്രം തൊട്ടിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി സമർപ്പിച്ച കത്തിൽനിന്ന് വ്യക്തമാകുന്നത്. മെമ്മോറാണ്ടത്തിലെ പോരായ്മയാണ് സഹായം വൈകാൻ കാരണമെങ്കിൽ നിത്യാനന്ദ റായിയുടെ കത്തിൽ അതു ചൂണ്ടിക്കാട്ടണമായിരുന്നെന്നും അതുണ്ടാകാത്തതിനാൽ കേരളം നടപടിക്രമങ്ങൾ പാലിച്ചെന്നത് ആ കത്ത് അടിവരയിടുന്നെന്നും മന്ത്രി കെ. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എസ്.ഡി.ആർ.എഫിൽ മതിയായ പണമുണ്ടെന്നാണ് കത്തിലെ മറ്റൊരു വാദം. വയനാട്ടിൽ ഈ ഫണ്ട് ചെലവഴിക്കാനാണെങ്കിൽ കേന്ദ്രം ഐ.എം.സി.ടിയെ അയക്കണമായിരുന്നോ എന്നും പ്രധാനമന്ത്രി സന്ദർശിക്കേണ്ടതുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് ആവശ്യങ്ങളാണ് സംസ്ഥാനം മെമ്മോറാണ്ടത്തിൽ ഉന്നയിച്ചിരുന്നത്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വയനാട്ടിലേത് ‘ഗുരുതര സ്വഭാവമുള്ള ദുരന്ത’മായി പരിഗണിക്കണമെന്നതായിരുന്നു ഒന്നാമത്തേത്. ഇങ്ങനെ പരിഗണിച്ചാൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അന്തർദേശീയ സ്ഥാപനങ്ങളിൽനിന്ന് സമാഹരിക്കാമായിരുന്നു. ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്ന് കൂടുതൽ സഹായം ലഭിക്കുകയും ചെയ്യുമായിരുന്നു. ഓഖിയും 2018ലെ പ്രളയവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ദുരന്തനിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ഉരുൾ ദുരന്തത്തിലെ ഇരകളുടെ വായ്പകൾ എഴുതിത്തള്ളണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മൂവായിരത്തോളം വായ്പകളിലായി 35.32 കോടിയുടെ കടമാണ് ദുരന്തബാധിതർക്കുള്ളതായി എസ്.എൽ.ബി.സി കണ്ടെത്തിയത്. 12 ബാങ്കുകളിലാണ് ഈ വായ്പകൾ. ഇതില് 2460 പേർ കാർഷിക വായ്പയെടുത്തവരാണ്. 19.81 കോടിയാണ് ഈ ഇനത്തിലെ കടം. 245 ചെറുകിട സംരംഭകർ എടുത്ത 3.4 കോടിയുടെ വായ്പയാണ് രണ്ടാമത്തേത്. ഇവ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടെങ്കിലും താൽക്കാലികാശ്വാസമല്ലാതെ ശാശ്വത പരിഹാരത്തിന് കേന്ദ്രത്തിൽനിന്ന് ഇടപെടലുണ്ടായില്ല. ദുരന്തപ്രതികരണ നിധിയിൽനിന്ന് അടിയന്തര അധികസഹായം അനുവദിക്കണമെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം.
ദുരന്തങ്ങളെ പരിഗണിക്കുന്നത് നാലുവിധത്തിൽ
* ലെവൽ സീറോ: അധികം ആഘാതങ്ങളില്ലാത്ത സാധാരണ ദുരന്തങ്ങൾ.
* ലെവൽ വൺ: ജില്ലയിൽതന്നെ പരിഹരിക്കപ്പെടാവുന്ന ദുരന്തങ്ങൾ.
* ലെവൽ ടു: സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നവ
* ലെവൽ ത്രീ: കേന്ദ്രസഹായത്തോടെ കൈകാര്യം ചെയ്യാൻ
കഴിയുന്നവ (ഡിസാസ്റ്റർ ഓഫ് സിവിയർ നേചർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.