ഒരേയൊരു ഗൗരിയമ്മ
text_fieldsആലപ്പുഴ: 'േകരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിക്കട്ടെ'. 1987ലെ തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുകേട്ട മുദ്രാവാക്യമായിരുന്നു ഇത്. അന്ന് എൽ.ഡി.എഫ് അധികാരത്തിൽ എത്തി. എന്നാൽ, ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. പകരം രണ്ടാംവട്ടം മുഖ്യമന്ത്രിയായ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ അവർ വ്യവസായ മന്ത്രിയായി. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പുവരെ സമ്മതിദാനാവകാശം വിനിേയാഗിച്ച ഗൗരിയമ്മ, ഇതാദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. കോവിഡ് കാലത്ത് 102ാം പിറന്നാൾ ലളിതമായി ആഘോഷിച്ചു. കട്ടിലിൽനിന്നും വീണതിനെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയയായി ഫിസിയോതെറപ്പിയിലൂടെ ആരോഗ്യം വീണ്ടെടുത്തു. മറ്റാരും സമ്മതിക്കണമെന്ന് നിർബന്ധമില്ലെങ്കിലും തനിക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ചുരുങ്ങിയ പക്ഷം അവർ കരുതുന്നുണ്ടെന്നതാണ് വാസ്തവം.
മുൻശുണ്ഠിയും കടുംപിടിത്തവുമൊക്കെ ഈ പ്രായത്തിലുമുണ്ട്. 2019 ജൂൺ 21ന് ആലപ്പുഴ ആറാട്ടുവഴിയിലെ ശക്തി ഓഡിറ്റോറിയത്തിൽ ചേർന്ന 101ാം പിറന്നാൾ ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ പിടിച്ചിരുത്തി അരമണിക്കൂർ നേരംനിന്ന് പ്രസംഗിച്ച ഗൗരിയമ്മ, സി.പി.എം തന്നെ മുഖ്യമന്ത്രിയാക്കാമെന്നുപറഞ്ഞ് പറ്റിച്ചുവെന്ന് തുറന്നടിച്ചു. പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതെപോയ പഴയ സഹപ്രവർത്തകൻ വി.എസ്. അച്യുതാനന്ദൻ ചാത്തനാട്ടെ വസതിയിൽ കാണാനെത്തിയപ്പോഴും തനിക്ക് മുഖ്യമന്ത്രിപദം ലഭിക്കാതെ പോയതിെൻറ പരിഭവം അവർ മറച്ചുവെച്ചില്ല.
1994ലാണ് സി.പി.എമ്മിൽനിന്നും പുറത്താക്കപ്പെട്ടത്. പിന്നീട് ജനാധിപത്യ സംരക്ഷണ സമിതിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. ചേർത്തല അന്ധകാരനഴിയിലെ കളത്തിപ്പറമ്പിൽ രാമെൻറ മകളായ ഗൗരി 1919 ജൂലൈ 14നാണ് ജനിച്ചത്. ചെറുപ്പത്തിലുണ്ടായിരുന്ന കൃഷ്ണ ഭക്തി, കമ്യൂണിസത്തിൽ ആകൃഷ്ടയായി പൊതുരംഗത്ത് വന്നപ്പോൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ, ജീവിത സായാഹ്നത്തിലും കമ്യൂണിസത്തെ ഉപേക്ഷിക്കാൻ തയാറല്ലാത്ത അവർ, ഒറ്റപ്പെടലിെൻറ നാളുകളിൽ ആശ്വാസത്തിനായി താൻ ദൈവത്തെ വിളിക്കാറുണ്ടെന്ന് തുറന്നുപറയാൻ മടിക്കാറില്ല.
1957,1967,1980,1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭകളിലുണ്ടായിരുന്നു. പിന്നീട് യു.ഡി.എഫിലെത്തിയ ഗൗരിയമ്മ 2001-2006 കാലത്തെ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി. യു.ഡി.എഫ് ഘടക കക്ഷിയായിരിക്കെ 2006ൽ അരൂരിൽ എ.എം. ആരിഫിനോടും 2011ൽ ചേർത്തലയിൽ പി.തിലോത്തമനോടും തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയശേഷം സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചു. പിന്നീട് എൽ.ഡി.എഫിനോട് സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ജെ.എസ്.എസിന് ഘടകകക്ഷിയാകാൻ കഴിഞ്ഞില്ല. പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവികൊണ്ടുമാത്രം ജെ.എസ്.എസിന് തൃപ്തിപ്പെടേണ്ടിവന്നു. ഏറ്റവും ഒടുവിൽ രണ്ടുവർഷം മുമ്പ് ജെ.എസ്.എസിലേക്ക് തിരികെവന്ന എ.എൻ. രാജൻ ബാബുവും കൂട്ടരും യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തപ്പോഴും ഗൗരിയമ്മ കുലുങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.