'പൊലീസ് സർവകലാശാല' ഉപേക്ഷിച്ചു; അക്കാദമിയടക്കം ശക്തിപ്പെടുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 'പൊലീസ് സർവകലാശാല' ആരംഭിക്കാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു. ലക്ഷങ്ങൾ ചെലവിട്ട് വിശദമായ പഠനം നടത്തിയ ശേഷമാണ് ഇത്തരമൊരു സർവകലാശാലയുടെ ആവശ്യമില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. നിലവിലുള്ള സംവിധാനങ്ങൾ തന്നെ ധാരാളമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പൊലീസ് സർവകലാശാല വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. പൊലീസിന് പ്രത്യേക സർവകലാശാല വേണ്ടെന്ന് ഡി.ജി.പി അനില്‍ കാന്ത് യോഗത്തിൽ വിശദീകരിച്ചു. നിലവിലെ പൊലീസ് അക്കാദമി ഉൾപ്പെടെയുള്ള പഠന-പരിശീലന സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് നീക്കം.
പൊലീസ് ട്രെയിനിങ് കോളജ് ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി സബ് സെന്‍ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഫോറൻസിക് സയൻസ് ഉൾപ്പെടെ വിഷയങ്ങളിൽ പഠന സൗകര്യമുണ്ട്. അത്തരം കേന്ദ്രങ്ങൾ കൂടുതലായി ആരംഭിക്കാനാണ് ആലോചന.
ഫോറൻസിക് വിഷയങ്ങൾ പഠിക്കാൻ യൂനിഫോം സേനകൾക്ക് പ്രത്യേക സർവകലാശാല എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് ഇത്തരമൊരു ആശയം ഉയർന്നത്. ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ പൊലീസ് സർവകലാശാലകളുണ്ട്. കേന്ദ്ര പൊലീസ് അക്കാദമിയുടെ ഭാഗമായി കേന്ദ്ര പൊലീസ് സർവകലാശാലയും പ്രവർത്തിക്കുന്നുണ്ട്.
സമാന മാതൃകയിൽ കേരളത്തിലും സർവകലാശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് പഠിക്കാൻ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബിനെ നോഡൽ ഓഫിസറായും നിയോഗിച്ചു. അഞ്ച് വര്‍ഷത്തോളം പഠനം നടത്തിയാണ് സർവകലാശാല ആരംഭിക്കുന്നതിന് അനുകൂലമായി അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പഠനത്തിനും മറ്റുമായി 15 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്. നോഡൽ ഓഫിസർ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവകലാശാല വേണ്ടെന്ന തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.