വിമർശനവേദിയായി നന്ദിപ്രമേയ ചർച്ച; ഗവർണർക്കെതിരെ ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഗവർണർക്കെതിരെയുള്ള തുറന്ന വിമർശനവേദിയായി. ഗവർണർ സംഘ്പരിവാർ ഏജന്റായി എന്നതായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഒന്നര മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം ചുരുക്കിയതിലൂടെ സഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷവും. ഗവർണറെ തള്ളിപ്പറയുമ്പോഴും ‘ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെ പിന്തുണക്കുന്നു’ എന്നതായിരുന്നു ഭരണപക്ഷ ലൈൻ.
ഭരണപക്ഷാംഗങ്ങൾ ഗവർണറെ വിമർശിച്ചെങ്കിലും രണ്ടര മണിക്കൂർ നീണ്ട മറുപടി പ്രസംഗത്തിൽ ഇക്കാര്യത്തിൽ ഒരു പരാമർശത്തിനുപോലും മുഖ്യമന്ത്രി തയാറായില്ല. ഗവര്‍ണര്‍ക്കെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേ സമയം ‘സർവകലാശാലകളിലെ സെനറ്റിലേക്ക് സംഘ്പരിവാർ നോമിനികളെ തിരുകിക്കയറ്റാൻ ചാൻസലർ സ്ഥാനം വഹിക്കുന്ന മഹാൻ ശ്രമിച്ചു’വെന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഗവർണർ വിമർശനം.
തങ്ങള്‍ ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം കൂടിയിട്ടില്ലെന്നും എല്ലാക്കാലത്തും ഗവര്‍ണറുടെ നടപടികളോട് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണപക്ഷമാണ് ഒന്നിച്ച് തോളോട് തോള് ചേര്‍ന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതെന്നും സതീശൻ വിമർശിച്ചു. ഗവർണർ നിയമസഭയെ അവഹേളിച്ചെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ പുറത്ത് കോമാളിത്തം കാട്ടുകയാണെന്നും മുഹമ്മദ് മുഹ്സിൻ വിമർശിച്ചു.
ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ടി. സിദ്ദീഖ് ആരോപിച്ചു. കഥയും തിരക്കഥയും രാജ്ഭവനാണ്. സംവിധാനം മുഖ്യമന്ത്രിയുടെ ഓഫിസും അഭിനയിക്കുന്നത് മുഖ്യമന്ത്രിയും ഗവർണറുമാണ്. അകത്ത് അന്തർധാരയും പുറത്ത് അടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ. ചന്ദ്രശേഖരൻ അവതരിപ്പിച്ച നന്ദി പ്രമേയം മൂന്നു ദിവസത്തെ ചർച്ചക്കു ശേഷം 35 നെതിരെ 77 വോട്ടിന് നിയമസഭ പാസാക്കി.
റബർ കൃഷി മേഖലയിൽ 300 കോടിയുടെ പദ്ധതി -മന്ത്രി പ്രസാദ്
തിരുവനന്തപുരം: വരുന്ന ഏപ്രില്‍ മുതല്‍ റബർ കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പ്രസ്താവിച്ചു. സാങ്കേതിക പിഴവുകൊണ്ട് റബര്‍വില സ്ഥിരതാഫണ്ടിനായി ബില്ലുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാതിരുന്ന എല്ലാ കര്‍ഷകര്‍ക്കും കുടിശ്ശികയില്ലാതെ ഫണ്ട് നല്‍കും. മോന്‍സ് ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗാട്ട് കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് റബർ ഇറക്കുമതി തടയാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.