ചരിത്രം ചികയാൻ തുടങ്ങിയാൽ...
text_fields‘‘ഞങ്ങൾ ഇവിടെനിന്ന് വിരൽചൂണ്ടി പ്രതിപക്ഷത്തെ ഓരോ സീറ്റിലും ഇരിക്കുന്നവരുടെ ചരിത്രം ചികയാൻ തുനിഞ്ഞാൽ... അവിടെനിന്ന് ഞങ്ങളുടെ മൊബൈലുകളിലേക്ക് വരുന്ന സന്ദേശങ്ങൾ ആയുധമാക്കാൻ നോക്കിയാൽ’’... ഐ.ബി. സതീഷ് കടുപ്പിച്ചെന്തോ പറയുമെന്ന് ഒരുവേള ശങ്കിച്ചുപോയി. ‘ അങ്ങനെയൊക്കെ ചെയ്താൽ ഞങ്ങൾ നിങ്ങളെപോലെ ആയിപ്പോകും. അങ്ങനെ രാഷ്ട്രീയമായി അധഃപതിക്കാൻ ഞങ്ങൾ തയാറല്ലാത്തുകൊണ്ട് അതിനു തുനിയുന്നില്ല’ അൽപം സസ്പെൻസ് നിലനിർത്തി, മയപ്പെടുത്തി കൂട്ടിച്ചേർക്കൽ. നേതാക്കളെ കുറിച്ച് അപ്പുറത്തുനിന്ന് ഒരുപാട് പ്രയോഗങ്ങൾ വരുമ്പോൾ മിണ്ടാതിരിക്കുന്നത് വ്യക്തിപരമായ ആരോപണങ്ങൾക്ക് തുനിയരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശംകൊണ്ട് കൂടിയാണെന്ന് സതീഷ് പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമയുണ്ടോ എന്നായി അൻവർ സാദത്തിന്റെ മറുചോദ്യം. നിയമസഭാ രേഖകൾ പരിശോധിച്ചാൽ ഇതെല്ലാം പിൻവലിച്ച് ഭരണപക്ഷത്തിന് ഓടേണ്ടി വരുമത്രെ. അന്ന് പാർട്ടി ഓഫിസിൽനിന്ന് എഴുതി കൊടുത്ത കാര്യങ്ങൾ അദ്ദേഹം ഇവിടെ വന്ന് വായിക്കുകയായിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയും സംവിധാനവും ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് അൻവർ സാദത്ത് തിരിച്ചടിക്കുകയും ചെയ്തു.
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് കോരിത്തരിച്ചാണ് അൻവർ സാദത്ത് വന്നതുതന്നെ. ജോഡോയാത്രയെ കണ്ടെയ്നർ ജാഥയെന്നും പൊറോട്ട ജാഥയെന്നും ആക്ഷേപിച്ചതുകൊണ്ട് ഭരണപക്ഷത്തിന് അതൊന്നും പുറത്തു പറയാനാകാത്ത സ്ഥിതി. കമ്യൂണിസ്റ്റുകാരുടെും കോൺഗ്രസുകാരുടെയും ജനാധിപത്യ വിശ്വാസികളുടെയുമൊക്കെ പ്രതീക്ഷയായ രാഹുൽ ഗാന്ധിക്കെതിരായ ആക്ഷേപം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന ആവശ്യം കൂടി ഭരണപക്ഷത്തിന് മുന്നിൽ വെച്ചു. തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയിലും മാധ്യമങ്ങളോടുള്ള അരിശത്തിന് ഭരണപക്ഷത്ത് മയമൊന്നുമുണ്ടായിരുന്നില്ല.
സ്വദേശാഭിമാനിയുടെ വാക്കുകൾ ഉദ്ധരിച്ച് ബോധവത്കരണ ക്ലാസ് തന്നെ ഭരണപക്ഷം നടത്തി. മുസ്ലിം ലീഗിനെ എടുത്തിട്ടലക്കിയാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി ചർച്ചക്ക് തുടക്കമിട്ടതുതന്നെ. ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്ന കോൺഗ്രസിനെ പിന്തുണച്ചുവെന്നൊക്കെ പറഞ്ഞതോടെ ടി.വി. ഇബ്രാഹിം മറുപടിയുമായിറങ്ങി. ബാബരി മസ്ജിദ് എന്ന് സി.പി.എം. പ്രയോഗിക്കാൻ തുടങ്ങിയത് അത് പൊളിച്ചപ്പോഴാണെന്നും ഇ.എം.എസ് തർക്കമന്ദിരം എന്നാണ് വിളിച്ചിരുന്നതെന്നും ഇബ്രാഹിം ഓർമിപ്പിച്ചു. അധികാരവികേന്ദ്രീകരണം നടപ്പാക്കിയത് തങ്ങളാണെന്ന അവകാശമായിരുന്നു ഇരുകൂട്ടർക്കും. തിരുവനന്തപുരത്ത് പെറ്റുകിടന്നിരുന്ന അധികാരത്തെ ഗ്രാമപരിധികളിലെത്തിച്ചത് ഇടത് സർക്കാറാണെന്ന് പി. ബാലചന്ദ്രൻ. കോൺഗ്രസ് സർക്കാറാണ് ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതെന്നും യു.ഡി.എഫിന്റെ കാലത്താണ് കേരളത്തിൽ നിയമം കൊണ്ടു വന്നതെന്നുമായി പ്രതിപക്ഷം. സർക്കാർ ദലിത് വിരുദ്ധ നയം സ്വീകരിക്കുന്നെന്ന എ.പി. അനിൽകുമാറിന്റെ ആരോപണത്തിന് മറുപടിയുമായെത്തിയ കെ. ശാന്തകുമാരി ഭൂമിക്കുവേണ്ടി സമരം ജോഗിയെ വെടിവെച്ച് കൊന്നത് ഓർമിപ്പിച്ചു.
ഭരണകക്ഷി എം.എൽ.എയായിട്ടും തദ്ദേശ എൻജിനീയറിങ് വിഭാഗത്തിൽനിന്നുള്ള ദുരനുഭവം മാത്യു ടി. തോമസ് വിവരിച്ചു. കെ-സ്മാർട്ട് അത്ര സ്മാർട്ടല്ലെന്ന് സനീഷ് കുമാർ ജോസഫ്. ചൈനീസ് ആപ് എന്ന് നിങ്ങൾ ആക്ഷേപിച്ചെങ്കിലും വിപ്ലവകരമായ പദ്ധതിയെന്ന് കുഞ്ഞമ്മദ് കുട്ടി. തുടക്കമാണെന്നും ഭംഗിയായി കൊണ്ടു പോകാൻ കഴിയുന്നെന്നും യു. പ്രതിഭ. കെട്ടിട നിർമാണ ഫീസ് വർധന പുനഃപരിശോധിക്കണമെന്ന് പി.എസ്. സുപാൽ നിർദേശിച്ചു. ഉദ്യോഗസ്ഥ പുനർവിന്യാസം പൂർത്തിയാക്കണമെന്ന് പ്രഫ. ജയരാജ്. പഞ്ചായത്തുകളെ സർക്കാർ പൊറുതി മുട്ടിപ്പിക്കുകയാണെന്ന് ആബിദ് ഹുസൈൻ തങ്ങൾ. എക്സൈസ് നിയമങ്ങൾ പലതും കാലഹരണപ്പെട്ടതാണെന്നും ആവശ്യമായ മാറ്റം വേണമെന്നും കെ.കെ. രമ. ധനാഭ്യർഥനക്ക് പുറമെ, ധനകാര്യ ബിൽ മൂന്ന് മണിക്കൂറിലേറെയാണ് സഭ ചർച്ച ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.