സി.പി.എം ഓഫിസ് നിർമാണത്തിൽ നിയമസഭയിൽ വാക്പോര്; എം. വിൻസെന്റിന്റെ പരാമർശമാണ് വാക്പോരിനിടയാക്കിയത്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ പാർട്ടി ഓഫിസ് നിർമാണവും വാദപ്രതിവാദമായി നിയമസഭയിൽ. വേഗത്തിൽ പണിപൂർത്തിയാകുന്ന പാർട്ടി ഓഫിസ് ചൂണ്ടിക്കാട്ടി, ‘ഈ ശുഷ്കാന്തി കേരളത്തിന്റെ വികസനത്തിലുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു’ എന്ന എം. വിൻസെന്റിന്റെ പരാമർശമാണ് വാക്പോരിനിടയാക്കിയത്.
അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കരുണാകരന്റെ പേരിലെ സപ്തതി മന്ദിരം നിർമിക്കുന്നതിന് പിരിച്ച ഫണ്ട് എവിടെപ്പോയെന്നും ടി.ഐ. മധുസൂദനൻ ചോദിച്ചു. സി.പി.എം അംഗങ്ങളും അനുഭാവികളും പണമിട്ട് നിർമിച്ചതാണ് പാർട്ടി ഓഫിസ്. സി.പി.ഐയുടെ ഓഫിസും നവീകരിച്ചു. ഇതെല്ലാം കോൺഗ്രസ് സുഹൃത്തുക്കൾ ഒന്നു പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു.
അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കോൺഗ്രസുകാർ നൂറ് ജന്മം ജനിച്ചാലും ഇതുപോലൊന്ന് സാധിക്കില്ലെന്ന് പി. മമ്മിക്കുട്ടിയും കൂട്ടിച്ചേർത്തു. ജനങ്ങളോട് തങ്ങൾ പണം ചോദിക്കും, അവർ തരും, ചെലവ് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ് എല്ലായിടത്തും തങ്ങൾക്ക് ഓഫിസുകൾ സ്ഥാപിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വികസനത്തെ എ.കെ.ജി സെന്റർ നിർമാണവുമായി എം. വിൻസെന്റ് ബന്ധിപ്പിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം സമ്മേളനത്തിനായി 53,000 പാർട്ടി അംഗങ്ങളുടെ വീടുകളിൽ ഹുണ്ടിക വെച്ച് പണം സമാഹരിച്ചാണ് പ്രധാന ചെലവുകൾക്ക് പണം കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
പാർട്ടി ഓഫിസ് കെട്ടിയതിൽ സന്തോഷമുണ്ടെന്ന് വിൻസെന്റ് വിശദീകരിച്ചു. വികസന പദ്ധതികൾ അനിശ്ചിതമായി വൈകുമ്പോൾ വളരെ വേഗം പാർട്ടി ഓഫിസ് കെട്ടി തീർക്കുന്നു. ഇതേ ശുഷ്കാന്തി വികസന പദ്ധതികളിൽ കൂടി കാണിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം സമ്മേളനം: പി.ആർ.ഡി രണ്ടു കോടി നൽകിയെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: സി.പി.എം കൊല്ലം സമ്മേളനത്തിന് പി.ആർ.ഡി രണ്ടുകോടി രൂപ കൊടുത്തതിന്റെ സർക്കാർ ഉത്തരവ് തന്റെ കൈവശമുണ്ടെന്നും ധനമന്ത്രിക്ക് ഇത് നിഷേധിക്കാനാകുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതേ സമയം സമ്മേളനത്തിന് പി.ആർ.ഡിയുടെ പ്രചാരണം ആവശ്യമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
സംസ്ഥാന സർക്കാറിന്റെ വാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പി.ആർ.ഡിയുടെ പ്രചാരണങ്ങളുണ്ടാകും. സർക്കാറിന്റെ നേട്ടങ്ങളല്ലാതെ മറ്റെന്താണ് പി.ആർ.ഡിക്ക് പറയാനാവുക. അത് എല്ലാ സമയത്തും ചെയ്യുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.