അവിശ്വാസ പ്രമേയം തള്ളി; സഭ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടിനാണ് പ്രമേയം നിയമസഭ തള്ളിയത്. 10 മണിക്കൂറിലേറെയാണ് അവിശ്വാസ പ്രമേയ ചർച്ച നീണ്ടത്.
രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ച രാത്രി ഒമ്പതോടെയാണ് പൂർത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു.
ഭരണ-പ്രതിപക്ഷ കക്ഷി അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൻമേൽ മറുപടി പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു.
87 അംഗങ്ങൾ പ്രമേയത്തെ എതിർത്തും 40 അംഗങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തു. മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെട്ടതോടെ അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിക്കുകയായിരുന്നു.
Live Updates
- 24 Aug 2020 9:37 PM IST
അവിശ്വാസ പ്രമേയം 40നെതിരെ 87 വോട്ടിന് തള്ളി
അവിശ്വാസ പ്രമേയം തള്ളി. 40നെതിരെ 87 വോട്ടിനാണ് പ്രമേയം പരാജയപ്പെട്ടത്. തുടർന്ന് സഭ പിരിഞ്ഞു.
- 24 Aug 2020 8:39 PM IST
മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ പ്രസംഗം രണ്ടര മണിക്കൂർ നീണ്ടതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി എഴുന്നേറ്റു. ചോദ്യങ്ങൾക്കുള്ള മറുപടിയല്ല മുഖ്യമന്ത്രി പറയുന്നത് എന്ന് ആരോപിച്ച് പ്രസംഗം തുടരാൻ അനുവദിക്കാതെ മുദ്രാവാക്യം മുഴക്കുകയാണ്. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നത്.
- 24 Aug 2020 6:53 PM IST
ജനങ്ങൾക്ക് ഈ സർക്കാറിൽ വിശ്വാസമുണ്ട് -പിണറായി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാറിൽ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാറിലർപ്പിച്ച വിശ്വാസം സംരക്ഷിക്കാനായിട്ടുണ്ട്. എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാൻ സർക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽക്കൂര നിലംപൊത്തിയ കെട്ടിടം പോലെയായി. അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി കോൺഗ്രസ് മാറി. കോൺഗ്രസ് നേതാക്കൾ പരസ്പരം ബി.ജെ.പി ഏജൻറുമാരെന്നു വിശേഷിപ്പിക്കുന്നു. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ പോലും കോൺഗ്രസിനാകുന്നിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
- 24 Aug 2020 6:24 PM IST
ചർച്ച ഏഴ് മണിക്കൂർ പിന്നിട്ടു
സർക്കാറിനെിതരായ അവിശ്വാസ പ്രമേയത്തിൽ നിയമ സഭയിൽ നടക്കുന്ന ചർച്ച ഏഴ് മണിക്കൂർ പിന്നിട്ടു. അവിശ്വാസ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ പ്രസംഗം സഭയിൽ നടക്കുന്നു. വിവിധ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്ര സംഗം. പ്രതിപക്ഷം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
- 24 Aug 2020 1:40 PM IST
മത്തായി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാത്തതിനാലാണെന്ന് പി.ജെ. ജോസഫ്. കേരളത്തിൽ ഇതെല്ലാം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയണമെന്നും ജോസഫ് പറഞ്ഞു.
- 24 Aug 2020 1:32 PM IST
ഡാറ്റയും ഫിലമെന്‍റും അടിച്ചു പോയവരുടെ കൂട്ടായ്മയാണ് പ്രതിപക്ഷം -എ. പ്രദീപ് കുമാർ
- 24 Aug 2020 12:14 PM IST
ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ പ്രതിഷേധമാണ് നിയമസഭയിലെ അവിശ്വാസ പ്രമേയമെന്ന് കെ.എം. ഷാജി
- 24 Aug 2020 12:13 PM IST
വടക്കാഞ്ചേരി പദ്ധതിയിൽ അന്വേഷണം ആവശ്യമാണങ്കിൽ നടത്തണം. എന്നാൽ, കേരളത്തിലെ ജനങ്ങൾ ജനങ്ങൾക്കു വേണ്ടി നടത്തുന്ന മിഷനാണ്. അതിന് സർക്കാർ നേതൃത്വം വഹിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും മുല്ലക്കര.
- 24 Aug 2020 12:13 PM IST
പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുതെന്ന് മുല്ലക്കര രത്നാകരൻ
പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുതെന്ന് മുല്ലക്കര രത്നാകരൻ. പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരരുത് ജനങ്ങളുടെ പക്ഷമാകണം. സഭയിൽ കൊണ്ടു വരേണ്ടത് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കണമെന്നും മുല്ലക്കര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.