മിസ്റ്റർ ചീഫ് മിനിസ്റ്ററും മിസ്റ്റർ ഓപ്പോസിഷൻ ലീഡറും
text_fieldsഅടിയന്തര പ്രമേയാവതരണത്തിനിടെ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടക്കിടക്ക് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് അഭിസംബോധ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന് അത്ര രസിച്ചില്ല. അതിലൊരു പരിഹാസം അദ്ദേഹം മണത്തിരിക്കണം. ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് പറഞ്ഞ് കുറെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. ഓരോന്നിനും ഇടക്ക് ഉത്തരം നൽകണോ’? നാട് നേരിടുന്ന പ്രശ്നം മനസ്സിലാക്കണം. ഇടക്കിടക്ക് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ പറഞ്ഞ് ചോദ്യം ചോദിച്ചാൽ പോരാ- മുഖ്യമന്ത്രി ചെന്നിത്തലയോട് കയർത്തു.
ഷഹബാസിന്റെ കൊലപാതകം, മയക്കുമരുന്ന് അടക്കം വർധിച്ചുവരുന്ന അതിക്രമങ്ങൾ ഉയർത്തിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. അതൊരു പൊതുവിഷയമെന്ന നിലയിൽ സന്തോഷത്തോടെ ചർച്ചചെയ്യാമെന്ന നിലപാടായിരുന്നു സർക്കാറിനും. പക്ഷേ, ചെന്നിത്തലയുടെ ചോദ്യങ്ങൾ ഭരണപക്ഷത്തിന് അത്ര രസിച്ചില്ലെന്ന് മാത്രം.
‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ പ്രയോഗം അങ്ങനെ വാക്പോരായി. ചെന്നിത്തലക്ക് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നല്ലേ വിളിച്ചത്, അല്ലാതെ മുഖ്യമന്ത്രി വിളിച്ചപോലെ ‘എടോ ഗോപാലകൃഷ്ണ’ എന്നല്ലല്ലോ. പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ഞങ്ങളുടെ മുഖ്യമന്ത്രിമാരെ പറഞ്ഞതൊക്കെ അറിയാം. അത് ഓർമിപ്പിക്കരുതെന്നുകൂടി പറഞ്ഞുവെച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിക്കുന്നത് അൺ പാർലമെന്ററി അല്ലെന്നായി ചെന്നിത്തല.
പാർലമെന്ററിൽ മിസ്റ്റർ പ്രൈം മിനിസ്റ്റർ എന്നാണത്രെ. 2016 മുതൽ 2021വരെ അഞ്ചുവർഷം ഈ വിളി താൻ കേട്ടുകൊണ്ടിരുന്നതാണെന്നായി മുഖ്യമന്ത്രി ചെന്നിത്തലക്കിട്ട് കൊട്ടി. അത് കേൾക്കാത്ത ആളല്ല ഞാൻ. ഇങ്ങോട്ട് പഠിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കേണ്ട. മിസ്റ്റർ ചീഫ് മിനിസ്റ്റർക്ക് വാഴ്ത്തുപാട്ട് എഴുതാനും മംഗളപത്രം കൊടുക്കാനുമല്ല ഞങ്ങളിവിടെ വന്നിരിക്കുന്നതെന്നായി റോജി എം. ജോൺ.
മിസ്റ്റർ ചീഫ് മിനിസ്റ്റർ അങ്ങനെ കത്തി നിൽക്കെ, ഡോ. കെ.ടി. ജലീൽ വി.ഡി. സതീശനെ ‘മിസ്റ്റർ ഓപ്പോസിഷൻ ലീഡർ’ എന്ന് അഭിസംബോധന ചെയ്തു. എന്നെങ്കിലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മദ്യം നിരോധിക്കുമെന്ന് പ്രഖ്യാപിക്കാമോയെന്ന് അദ്ദേഹത്തിന്റെ ചോദ്യവും. സതീശനാകട്ടെ, അഭിസംബോധന ആസ്വദിച്ച് നന്ദി കൂടി പറഞ്ഞു. ‘ഐ ആം വെരിമച്ച് ഹോണേർഡ് വെൻ മൈ ഫ്രണ്ട് കെ.ടി. ജലീൽ കാൾ മി മിസ്റ്റർ ഓപ്പോസിഷൻ ലീഡർ. താങ്ക്യു വെരിമച്ച്’.
ചെന്നിത്തലയുടെ പരാമർശങ്ങൾക്ക് ഭരണപക്ഷ തിരിച്ചടി ഉടൻ വന്നു. സങ്കുചിത രാഷ്ട്രീയം വെച്ച് നാടിനെ അപകടപ്പെടുത്തുന്ന നീക്കമെന്ന് മന്ത്രി രാജീവിന് തോന്നി. സാമൂഹിക വിപത്തിൽനിന്ന് രാഷ്ട്രീയലാഭം എങ്ങനെ കൊയ്യാമെന്ന ദുഷ്ടലാക്കെന്ന് മന്ത്രി എം.ബി. രാജേഷിനും. അങ്ങേയറ്റം അപക്വമായ നിലപാടെന്ന് കെ.വി. സുമേഷ്. കെ. ശാന്തകുമാരിയും ലിന്റോ ജോസഫും ചെന്നിത്തലക്കെതിരെ തിരിഞ്ഞു.
മയക്കുമരുന്ന് വ്യാപനവും അക്രമങ്ങളും അതിൽനിന്ന് കേരളത്തെ രക്ഷിക്കേണ്ട ആവശ്യകതയുമാണ് ചർച്ചയിൽ നിറഞ്ഞുനിന്നത്. ശക്തമായ നടപടികൾ വന്നാൽ പൂർണ പിന്തുണയെന്ന് പ്രതിപക്ഷം. താമരശ്ശേരിയിലെ ദുരന്തചിത്രം ഡോ. എം.കെ. മുനീർ ഹൃദയസ്പൃക്കായി വിവരിച്ചു. ഞങ്ങളുടെ കാലത്ത് കൂടെ പഠിക്കുന്നവന് അടികിട്ടുമ്പോൾ ഞങ്ങളുടെ നെഞ്ച് പിടയുമായിരുന്നു. അവർ സഹപാഠിയായിരുന്നില്ല; കൂടെ പിറപ്പായിരുന്നു. ഇന്ന് സ്വന്തം സഹപാഠിയെ നഞ്ചക്ക് കൊണ്ട് അടിക്കുന്ന, അതിൽ ആത്മഹർഷം കൊള്ളുന്ന തലമുറയെ തിരിച്ചുപിടിക്കണമെന്ന് മുനീർ. മുഖ്യമന്ത്രിയും അതിനോട് യോജിച്ചു.
ഇളംതലമുറ വല്ലാതെ അസ്വസ്ഥരാണ്. നല്ല ശമരിയക്കാരന്റെ കഥ പോലുള്ളവ കുട്ടികളെ പഠിപ്പിക്കണം. കൊല്ലുന്നതുമെങ്ങനെ ജീവികളെ.. എന്ന ഗുരുവിന്റെയും കോപം കൊണ്ടു ശപിക്കരുതാരും.., നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം..., നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.. എന്നൊക്കെയുള്ള കവിതകൾ കുട്ടികൾ മനസ്സിലാക്കണം. അറിവുള്ളവർ എന്നതിന് പകരം കനിവുള്ളവർ കൂടിയായി തലമുറ വളരണം- കാരണവരെ പോലെ മുഖ്യമന്ത്രി ഓർമിപ്പിച്ചു. തിന്മയും തെമ്മാടികളും മാത്രമല്ല, നന്മയും നല്ലവരും കൂടിയുള്ളതാണ് ഈ ലോകമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി നൽകണം. തുടർന്ന്, മൂന്നും ബില്ലുകളും സഭ ചർച്ചക്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.