തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; വോട്ടർ പട്ടിക ജൂൺ 17ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിലും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്താനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടര്‍ പട്ടിക ജൂൺ 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ടാകും. 17നു പ്രസിദ്ധീകരിക്കുന്ന പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാകും പേര് ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും അവസരം നൽകുന്നത്. പരാതികൾക്ക് പരിഹാരം കണ്ട് മാർച്ച് 27ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരുന്നതായിരുന്നു. അതിനിടെയാണ് കോവിഡ് ബാധയുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി നവംബർ 12ന് അവസാനിക്കും. നവംബർ തുടക്കത്തിൽ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരണങ്ങൾ നടത്തുന്നത്.
തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്‍ ആരംഭിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ ഫോട്ടോ ഉള്‍പ്പെടെ മറ്റ് രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ ഒമ്പത് മുതല്‍ 11 വരെ നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അടുത്ത മാസവും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി പുതുതായി 21 ലക്ഷത്തോളം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്.
941 ഗ്രാമ പഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപാലിറ്റികൾ, ആറു മുനിസിപൽ കോർപറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.